പൊന്നാനിയില്‍ ഞാന്‍ തന്നെ: ഹുസൈന്‍ രണ്ടത്താണി
മലപ്പുറം: പൊന്നാനിയില്‍ താന്‍ തന്നെയായാണ് സ്ഥാനാര്‍ത്ഥിയാവുകയെന്ന് ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി പൊന്നാനിയെച്ചൊല്ലി ഇടതുമുന്നണിയില്‍പോര് മുറുകിയിരിക്കുന്ന സാഹചര്യത്തിലാണ് സ്വയം പ്രഖ്യാപനവുമായി രണ്ടത്താണി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടത്താണിയല്ല പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്‌മയില്‍ സംശയമൊന്നുമില്ലാതെ ആവര്‍ത്തിക്കുമ്പോള്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് രണ്ടത്താണി തിരിച്ചടിച്ചിരിക്കുകയാണ്.
പൊന്നാനിയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദനും വ്യക്തമാക്കിയിട്ടുണ്ട്. പിഡിപിയുടെ പൊതസ്വതന്ത്രനെത്തന്നെ പൊന്നാനിയില്‍ നിര്‍ത്താമെന്ന സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനമാണ് രണ്ടത്താണിയെ സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി രംഗത്തെത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് പൊന്നാനി പ്രാദേശിക നേതൃയോഗത്തിന് ശേഷം ഇസ്‌മയില്‍ വീണ്ടും വ്യക്തമാക്കിയശേഷം തന്നെ വന്നുകണ്ട മാധ്യമപ്രവര്‌ത്തകരോടാണ് പൊന്നാനിയില്‍ താന്‍ തന്നെയാണ് മത്സരിക്കുകയെന്ന് ഹുസൈന്‍ രണ്ടത്താണി പറഞ്ഞിരിക്കുന്നത്.
രണ്ടത്താണിയല്ല തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്നും മറ്റേതെങ്കിലും പേര് പരിഗണനയിലുണ്ടോയെന്നകാര്യം പുറത്ത് പറയാന്‍ കഴിയില്ലെന്നും ഇസ്‌മയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പൊന്നാനിയിലെ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി ഞാന്‍തന്നെയാണ് അക്കാര്യം തീരുമാനിച്ചുകഴിഞ്ഞു. ബന്ധപ്പെട്ടവരുമായെല്ലാം ഇക്കാര്യം ചര്‍ച്ച ചെയ്‌തു. ഇനിയൊരു തിരിച്ചുപോക്കില്ല. തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിക്കഴിഞ്ഞു- ഹുസൈന്‍ പറഞ്ഞു.
സിപിഎം ഏരിയ കമ്മിറ്റിയുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍ തന്നെ താരമാക്കി മാറ്റിയ മാധ്യമങ്ങള്‍ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.












Click it and Unblock the Notifications