ടിസിഎസില്‍ 1300 പേരെ പിരിച്ചുവിട്ടേയ്‌ക്കും
ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്‌റ്റ് വേര്‍ കയറ്റുമതിക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി(ടിസിഎസ്) അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടേയ്‌ക്കും.
ജോലിയിലെ പ്രകടനം വിലയിരുത്തിയാണ് പിരിച്ചുവിടല്‍ നടത്തുക. മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്ന 1300ഓളം പേരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.
ആഗോള തലത്തില്‍ ടിസിഎസില്‍ 1.3 ലക്ഷം ജീവനക്കാരാണുള്ളത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കലിന്റെ ഭാഗമായാണ് കമ്പനി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ തന്നെ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ടിസിഎസിലെ ചെന്നൈ ഓഫീസിലെ ജീവനക്കാര്‍ പറയുന്നത്.
ചെന്നൈ ഡവലപ്‌മെന്റ് സെന്ററില്‍ നിന്നും 200 പേരെയാണത്രേ ഇത്തരത്തില്‍ പിരിച്ചുവിട്ടിരിക്കുന്നത്. എന്നാല്‍ പിരിച്ചുവിടല്‍ വാര്‍ത്ത ശരയാണെന്നറിയിച്ച അധികൃതര്‍ എത്രപേരെ പറഞ്ഞുവിട്ടുവെന്ന് വ്യക്തമാക്കിയിട്ടില്ല. മെച്ചപ്പെടാന്‍ രണ്ടാമതും അവസരം നല്‍കിയിട്ടും ജോലിയില്‍ പുരോഗതികാണിക്കാത്തവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടതെന്നാണ് അധികൃതര്‍ പറയുന്നത്.
ജീവനക്കാരുടെ ജോലിസമയം കൂട്ടാനും ശംബളത്തോടൊപ്പമുള്ള മറ്റ് ആനൂകൂല്യങ്ങള്‍ നിര്‍ത്താനും കമ്പനി നേരത്തേ തീരുമാനിച്ചിരുന്നു. കമ്പനി ഇപ്പോള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികളൊന്നും തുടങ്ങിയിട്ടില്ലെന്നും സാമ്പത്തിക മാന്ദ്യം തുടരുകയാണെങ്കില്‍മാത്രമേ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കൂ എന്ന് കമ്പനി സിഇഒ രാമദൊരൈ പറഞ്ഞു.












Click it and Unblock the Notifications