സീറ്റില്ലെങ്കില്‍ മന്ത്രിയെ വേണ്ട: ജനതാദള്‍
കോഴിക്കോട്: തങ്ങളുടെ കൈവശമിരിയ്‌ക്കുന്ന കോഴിക്കോട് മണ്ഡലം സിപിഎമ്മുമായി വച്ചുമാറേണ്ടതില്ലെന്ന് ജനതാദള്‍ സംസ്ഥാന സമിതി യോഗം തീരുമാനമെടുത്തു.
കോഴിക്കോട് സീറ്റ് നല്‌കിയില്ലെങ്കില്‍ തങ്ങളുടെ മന്ത്രിയെ പിന്‍വലിച്ച് കടുത്ത പ്രതിഷേധം പ്രകടിപ്പിയ്‌ക്കാനാണ് ദള്‍ തീരുമാനിച്ചിരിയ്ക്കുന്നത്. സിപിഎമ്മുമായി ഇനി ചര്‍ച്ച നടത്തേണ്ട. മറ്റു തീരുമാനങ്ങള്‍ 12ന് ചേരുന്ന ഇടതുമുന്നണിയിലെ യോഗത്തിലെ നിലപാട് അറിഞ്ഞ ശേഷം പ്രഖ്യാപിയ്ക്കും. ഇനി ഇക്കാര്യത്തിന് വേണ്ടി സംസ്ഥാന കമ്മിറ്റി ചേരേണ്ടെന്നും തീരുമാനമായിട്ടുണ്ട്.
സംസ്ഥാന സമിതി യോഗത്തില്‍ കോഴിക്കോട് സീറ്റ് ദളിന് നല്‌കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദള്‍ സംസ്ഥാന അധ്യക്ഷനും കോഴിക്കോട് സിറ്റിംഗ് എംപിയുമായ എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
സീറ്റ് പിടിച്ചെടുക്കാനുള്ള സിപിഎം നീക്കത്തിനെതിരെ ശക്തമായി പ്രതികരിയ്‌ക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇടത് മുന്നണി വിടണമെന്ന് പോലും ചില നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന.
അതേ സമയം സീറ്റ് വിഷയത്തില്‍ ദള്‍ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത നിലനില്‌ക്കുന്നുണ്ടെന്ന് സൂചനകളുണ്ട്. തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് വേണമെന്ന ആവശ്യം ഉപേക്ഷിയ്‌ക്കാമെന്ന് ദള്‍ ദേശീയ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇടത്-മതേതര ഐക്യം മുന്‍നിര്‍ത്തി കോഴിക്കോട് സീറ്റ് ഉപേക്ഷിയ്‌ക്കാന്‍ തയാറാണെന്നായിരുന്നു ദള്‍ ദേശീയ നേതാവ് ഡാനിഷ് അലി പ്രസ്‌താവിച്ചത്.












Click it and Unblock the Notifications