സിഡി വിവാദം ബോധപൂര്‍വം: മുഖ്യമന്ത്രി
തിരുവനന്തപുരം: മതമേലധ്യക്ഷന്‍മാരെ ഇകഴ്ത്തിക്കാട്ടുന്ന തരത്തിലുള്ള ലഘുചിത്രം വിദ്യാര്‍ത്ഥികളെ കാണിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടില്ലന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
ഇതിനെ കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
കൊടകര ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ എപി ശശീന്ദ്രന്‍ എന്ന അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണിത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴാം ക്ലാസിലെ ഹിന്ദി പാഠത്തിലെ അധ്യാപക സഹായിയില്‍ ജലസംരക്ഷണത്തെക്കുറിച്ച് കുട്ടികള്‍ക്ക് മനസിലാകാന്‍ 'സേവ്' എന്ന ലഘു ചിത്രം കാണിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
ഈ ലഘുചിത്രം കമ്പ്യൂട്ടറില്‍ നിന്ന് കോപ്പി ചെയ്‌ത് സിഡിയാക്കിയപ്പോള്‍ മുറിവ്, ടൈപ്പ് റൈറ്റര്‍ എന്ന ചിത്രങ്ങളും കൂടി അധ്യാപകന്‍ പകര്‍ത്തി നല്‍കുകയായിരുന്നു. ഇത് ഒരു വിദ്യാര്‍ത്ഥിയേയും കാണിച്ചിട്ടില്ല.ഇത് സംബന്ധിച്ചുള്ള വിവാദം ബോധപൂര്‍വമാണന്നും സര്‍ക്കാരിനോ വിദ്യാഭ്യാസ വകുപ്പിനോ ഇതില്‍ യാതൊരു ബന്ധവുമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുറിവ് എന്ന ചിത്രം ക്രൈസ്‌തവ മതമേലധ്യക്ഷന്മാരെ അധിക്ഷേപിക്കുന്നതാണന്നും ടൈപ്പ് റൈറ്റര്‍ അശ്ലീലമാണന്നും ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്ന് വിവാദ സിഡി പിന്‍വലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് വിവിധ മത സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ഇത് വിവാദമായത്.
കോഴിക്കോട് സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ ജനതാദള്‍ കടുത്ത നിലപാട് സ്വീകരിയ്ക്കുകയില്ലെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും വിഎസ് പറഞ്ഞു. ജനതാദള്‍ മുന്നണി വിട്ടുപോകരുതെന്നാണ് ഘടകകക്ഷികളുടെ ആഗ്രഹം. ഒറീസയില്‍ ബിജെപിയെ കൈവിട്ടതിനാലാണ് ബിജെഡിയുമായി ഇടതുപക്ഷം സഹകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications