അഭയ കേസ്: ഹൈക്കോടതി പിന്‍മാറി
കൊച്ചി: സിസ്‌റ്റര്‍ അഭയ കേസിന്റെ മേല്‍നോട്ടം സംബന്ധിച്ച പ്രത്യേക ചുമതലയില്‍ നിന്നും ഹൈക്കോടതി പിന്‍മാറി.
കേസ് സംബന്ധിച്ച മേല്‍നോട്ടം തുടര്‍ന്നും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വഹിച്ചാല്‍ മതിയെന്ന് ജസ്‌റ്റിസ് കെ ബാലകൃഷ്‌ണന്‍ നായര്‍ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. മൂന്ന് മാസം കൂടുമ്പോള്‍ കേസന്വേഷണത്തില്‍ സിജെഎം കോടതി മേല്‍നോട്ടം നടത്തും.
വൈദികരെയും കന്യാസ്‌ത്രീകളെയും നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കിയ സിഡികള്‍ സംബന്ധിച്ച അവ്യക്തതകളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേല്‍, മനുഷ്യാവകാശപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കുന്നതായി കോടതി അറിയിച്ചു.
നേരത്തേ കേസിന്റെ നിരീക്ഷണച്ചുമതലയില്‍ നിന്നും ജസ്‌റ്റിസ് കെ ബസന്ത് പിന്മാറിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കെ ബാലകൃഷ്‌ണന്‍ നായരുടെ ഡിവിഷന്‍ ബഞ്ചിലേയ്‌ക്ക് ചുമതല മാറ്റിയത്. ഹര്‍ജിയില്‍ ഇതുവരെ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിച്ചതായും തുടര്‍ നടപടികള്‍ അവസാനിപ്പിച്ചതായും കോടതി വ്യക്തമാക്കി.
നേരത്തേ കേസന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് പ്രത്യേക ഉത്തരവിലൂടെ ഹൈക്കോടതി അന്വേഷണം ത്വരിതപ്പെടുത്തുകയും മേല്‍നോട്ടച്ചുമതല ഏറ്റെടുക്കുകയും ചെയ്‌തത്.
കേസിന്റെ മേല്‍നോട്ടച്ചുമതലയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ കഴിഞ്ഞ നാളുകളില്‍ ഉണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായ വൈദികരുടെ ജാമ്യഹര്‍ജിയില്‍ ജസ്റ്റിസ് കെ ഹേമ നടത്തിയ പരമാര്‍ശങ്ങളും കേസിന്റെ മേല്‍നോട്ടച്ചുമതല വഹിച്ചിരുന്ന ജസ്‌റ്റിസ് ആര്‍ ബസന്ത് പിന്നീട് മറുപടിയെന്ന നിലയില്‍ നടത്തിയ പരാമര്‍ശങ്ങളുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications