തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ലെന്ന് സുധീരനും
തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനില്ലെന്ന് വി.എം.സുധീരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട ആലപ്പുഴ മണ്ഡലത്തില്‍ സുധീരന്‍ ഒരിയ്ക്കല്‍ കൂടി മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ നിലനില്ക്കെയാണ് മത്സരിക്കാനില്ല എന്ന തീരുമാനം സുധീരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിയ്ക്കുന്നത്.
ഒരു മണ്ഡലത്തിലും തന്റെ പേര് പരിഗണിയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വേണ്ടി ഇത്തവണ മാറി നില്ക്കുകയാണെന്ന കാര്യം കെപിസിസി തിരഞ്ഞെടുപ്പ് യോഗത്തില്‍ താന്‍ വ്യക്തമാക്കിയിരുന്നതായി സുധീരന്‍ പറഞ്ഞു.
ആലപ്പുഴയില്‍ മത്സരിക്കാനുള്ള താത്പര്യം നേരത്തെ സുധീരന്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച് സമീപകാലത്തുണ്ടായ വിവാദങ്ങളാണ് മത്സരരംഗത്തുനിന്നു പിന്മാറാന്‍ കാരണമായതെന്നറിയുന്നു.
ആലപ്പുഴയില്‍ താനായിരിക്കും സ്ഥാനാര്‍ഥി എന്ന വയലാര്‍ രവിയുടെ പരസ്യ പ്രഖ്യാപനത്തെത്തുടര്‍ന്ന് താന്‍ പിന്മാറാം എന്ന നിലപാട് സുധീരന്‍ മുമ്പു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വയലാര്‍ രവി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സുധീരന്‍ തന്നെയാകും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് ഏവരും ഉറപ്പിച്ചിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ തിരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് പിന്മാറുന്നതായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ സുധീരന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ തീരുമാനം പിന്‍വലിച്ചാണ് 2004-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.


Click it and Unblock the Notifications