ആദിവാസി സ്‌ത്രീ കൂട്ടമാനഭംഗത്തിനിരയായി
പാലക്കാട്: അഗളി സ്വദേശിയായ ആദിവാസി സ്‌ത്രീ കൂട്ടമാനഭംഗത്തിനിരയായി. മണ്ണാര്‍ക്കാട് പൂരത്തോടനുബന്ധിച്ചുള്ള ചെട്ടിവേല കാണാനെത്തിയ നാല്‍പതുകാരിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായത്.
വ്യാഴാഴ്‌ച രാവിലെ മണ്ണാര്‍ക്കാട് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷാപ്പിന് സമീപത്തുനിന്നും അവശനിലയിലാണ് ഇവരെ കണ്ടെത്തിയത്. ബുധനാഴ്‌ച അച്ഛനും സഹോദരിമാര്‍ക്കും ഒപ്പമാണ് ഇവര്‍ വേലകാണാനെത്തിയത്. രാത്രി പൂരപ്പറമ്പില്‍ നിന്നും പുറത്തേയ്‌ക്ക് വന്നയുടന്‍ ഓട്ടോറിക്ഷയില്‍ വന്ന മൂന്നു പുരുഷന്മാര്‍ വണ്ടിയിലേയ്‌ക്ക് വലിച്ച് കയറ്റുകയായിരുന്നുവെന്നും സ്‌ത്രീ പറഞ്ഞു.
പിന്നീട് വഴിയില്‍ നിന്നും മറ്റുരണ്ടുപേരും ഓട്ടോയില്‍ കയറിയത്രേ. ബഹളം വച്ചപ്പോള്‍ വായ മൂടിക്കെട്ടിയെന്നും ഓട്ടോറിക്ഷയില്‍ നിന്നും തള്ളിയിടുകയും വലിച്ചിഴയ്‌ക്കുകയും ചെയ്‌തുവെന്നും, ഓട്ടോയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നും സ്‌ത്രീ പറയുന്നു.
ഇവരെ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൈ ഒടിയുകയും ദേഹമാസകലം മുറിവേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. ഇവരുടെ മൊഴിയിന്മേല്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications