നാര്‍കോ ടെസ്‌റ്റിനെതിരെ മൈക്കിളും ഷേര്‍ളിയും
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കാനുള്ള സിബിഐ തീരുമാനത്തിനെതിരെ ക്രൈംബ്രാഞ്ച് മുന്‍ എസ്‌പി കെടി മൈക്കിളും സിസ്റ്റര്‍ ഷേര്‍ളിയും കോടതിയെ സമീപിച്ചു.
ആദ്യഘട്ടത്തില്‍ അഭയ കേസ് അന്വേഷിക്കുകയും തെളിവുകള്‍ നശിപ്പിച്ചുവെന്ന് ആരോപണവിധേയനാവുകയും ചെയ്‌ത മൈക്കിള്‍ നാര്‍കോ പരിശോധനയ്‌ക്കുള്ള അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് തടസ്സഹര്‍ജി നല്‍കിയിരിക്കുന്നത്.
തന്റെ വാദം കേള്‍ക്കാതെ നാര്‍കോ പരിശോധനയ്‌ക്ക് അനുമതി നല്‍കിയത് ശരിയല്ലെന്നും പ്രാകൃതമായ കപടശാസ്‌ത്രീയ പരിശോധനയാണ് നാര്‍കോ അനാലിസിസെന്നും കെടി മൈക്കിളിന്റെ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം നാര്‍കോ പരിശോധന ആരോഗ്യത്തിന് ഹാനികരമാണെന്നും ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സിസ്‌റ്റര്‍ ഷേര്‍ളി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
2009 മാര്‍ച്ച് അഞ്ചിന് സിബിഐ ഡിവൈഎസ്‌പി തന്റെ അനുമതി ആവശ്യപ്പെട്ട് കത്തയച്ചപ്പോള്‍ വ്യക്തമായ കാരണങ്ങളാല്‍ വിയോജിപ്പ് അറിയിച്ചതാണ്. കേസില്‍ സാക്ഷിയായ തന്നെ വിവിധ അന്വേഷണ ഏജന്‍സികളുടെ പല ഉദ്യോഗസ്ഥര്‍ അന്‍പതലേറെ തവണ ചോദ്യം ചെയ്‌തു കഴിഞ്ഞു.
പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ് ഉള്‍പ്പെടെയുള്ള ശാസ്‌ത്രീയ പരിശോധനകള്‍ക്കും വിധേയയാക്കി. എന്നിട്ടും സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ അനാവശ്യമായി ഉപദ്രവിക്കുകയാണെന്ന് ഹര്‍ജിക്കാരി ആരോപിക്കുന്നു. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ അഭയ താമസിച്ചിരുന്ന മുറിയിലായിരുന്നു ഷേര്‍ളിയും താമസിച്ചിരുന്നത്.












Click it and Unblock the Notifications