സിപിഐ അംഗീകരിച്ചാലേ മത്സരിക്കൂ: രണ്ടത്താണി
മലപ്പുറം: സിപിഐയുടെ പിന്തുണയില്ലാതെ പൊന്നാനിയില്‍ മത്സരിക്കില്ലെന്ന് ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി.
പൊന്നാനി സീറ്റ് സിപിഐയുടെതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തിലാണ് നിലപാടില്‍ മാറ്റം വരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐയുടെ സീറ്റില്‍ ഞാന്‍ മത്സരിക്കണമെങ്കില്‍ അവര്‍ ആവശ്യപ്പെടണം. ഇടുതപക്ഷ ഐക്യമാണ് പ്രധാനം- അദ്ദേഹം പറഞ്ഞു. പൊന്നാനി സീറ്റിനെച്ചൊല്ലി മുന്നണിയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സിപിഎം, സിപിഐ കേന്ദ്രനേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പുതിയ ഫോര്‍മുലയുടെ ഭാഗമാണ് രണ്ടത്താണിയുടെ നിലപാട് മാറ്റമെന്നാണ് സൂചന.
സിപിഐ അംഗീകരിച്ചില്ലെങ്കിലും മത്സരരംഗത്തുനിന്നും പിന്മാറില്ലെന്നായിരുന്ന രണ്ടത്താണി നേരത്തേ പറഞ്ഞിരുന്നത്. സിപിഐ മുന്നോട്ടുവച്ച പുതിയ സ്ഥാനാര്‍ത്ഥിയായ സംവിധായകന്‍ കമലുമായി ഒരു സൗഹൃദമത്സരത്തിനുപോലും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിഡിപി ഉയര്‍ത്തിക്കൊണ്ടുവന്ന രണ്ടത്താണിയെ സിപിഎം പിന്തുണയ്‌ക്കുകകൂടി ചെയ്‌തതോടെയാണ് സിപിഐ ഇടഞ്ഞത്. രണ്ടത്താണിയെ അംഗീകരിക്കില്ലെന്നും തങ്ങളുടെ നാലുസീറ്റുകളിലും തങ്ങള്‍തന്നെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്നും സിപിഐ നിലപാടെടുത്തതോടെ പ്രശ്‌നം മുറുകുകയായിരുന്നു.
സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടുമെന്നുവരെ സിപിഐ ഭീഷണി മുഴക്കി. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനും, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വാര്‍ത്താസമ്മേളനം നടത്തി പരസ്യമായി വിമര്‍ശിക്കുന്നേടത്തുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. കേന്ദ്രതലത്തില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് പരിഹാര ഫോര്‍മുല ഉരുത്തിരിയുന്നത്.












Click it and Unblock the Notifications