വയനാട്ടില്‍ റഹ്മത്തുള്ള സിപിഐ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: ഇടത് മുന്നണിയുടെ നിലനില്പിന് തന്നെ ഭീഷണിയുയര്‍ത്തിയ പൊന്നാനി തര്‍ക്കത്തിന് പരിഹാരമാകുന്നു. പ്രതിസന്ധിയ്ക്ക് പരിഹാരമായി നിര്‍ദ്ദേശിയ്ക്കപ്പെട്ട പൊന്നാനിയ്ക്ക് പകരം വയനാട് സീറ്റ് എന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല സിപിഐ അംഗീകരിച്ചതോടെയാണിത്.
ഇത് യാഥാര്‍ത്ഥ്യമായാല്‍ വയനാട്ടില്‍ എ റഹ്മത്തുള്ളയെ മത്സരിപ്പിയ്ക്കാനാണ് സിപിഐയുടെ തീരുമാനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്ച ചേരുന്ന ഇടത് മുന്നണിയി ഇക്കാര്യം അംഗീകരിച്ചാല്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകും. ഒത്തുതീര്‍പ്പ് ഫോര്‍മുല സിപിഎമ്മിനെ കഴിഞ്ഞ ദിവസം തന്നെ സിപിഐ അറിയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ അഭിപ്രായം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം അറിയിക്കാമെന്നാണായിരുന്നു സിപിഎം നിലപാട്.
പൊന്നാനിയില്‍ നിന്ന് വയനാട്ടിലേക്ക് മാറുന്പോള്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിയ്ക്കാമെന്നതാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല സ്വീകരിയ്ക്കാന്‍ സിപിഐയെ പ്രേരിപ്പിച്ചത്.
ന്യൂനപക്ഷാംഗം എന്ന പരിഗണനയാണ് റഹ്മത്തുള്ളയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ അനുകൂല ഘടകമായത്. സിപിഐ എക്സിക്യൂട്ടീവ് അംഗമായ റഹ്മത്തുള്ള മുന്പ് രണ്ട് തവണ പൊന്നാനിയില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ്.
അതിനിടെ സംസ്ഥാനമൊട്ടാകെ ഇടഞ്ഞ് നിന്നിരുന്ന സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ സഹകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിട്ടുണ്ട്. ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ തീരുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ ഒരുമിയ്ക്കുന്നത്.


Click it and Unblock the Notifications