കോണ്ടം എയ്‌ഡ്‌സ് പടര്‍ത്തും: മാര്‍പ്പാപ്പ
വത്തിക്കാന്‍: പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ കോണ്ടം ഉപയോഗത്തിനെതിരെ രംഗത്ത്. കോണ്ടം ഉപയോഗിക്കുന്നത് എയ്‌ഡ്‌സ് പടര്‍ന്നുപിടിക്കാന്‍ കാരണമാകുമെന്നാണ് മാര്‍പ്പാപ്പ പറയുന്നത്.
ആഫ്രിക്കയില്‍ എയ്‌ഡ്‌സ് രോഗികള്‍ കൂടുന്നതിനെക്കുറിച്ച് പറയുന്നതിനിടെയാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്. ആഫ്രിക്കന്‍ പര്യടനത്തിനിടെ കാമറൂണിലേയ്‌ക്കുള്ള യാത്രമധ്യേയാണ് കോണ്ടം ഉപയോഗിക്കുന്നകാര്യത്തില്‍ വത്തിക്കാന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
എയ്‌ഡ്‌സ് വ്യാപനം തടയാന്‍ കോണ്ടം വിതരണം കൊണ്ടുമാത്രം കഴിയില്ല. ഇത് പ്രശ്‌നം വര്‍ധിപ്പിക്കുകമാത്രമേയുള്ളു. വിവാഹേതര ബന്ധങ്ങള്‍ ഒഴിവാക്കിയും സദാചാരനിഷ്ട കാത്തുസൂക്ഷിച്ചും മാത്രമേ എയ്‌ഡ്‌സ് പടരുന്നത് തടയാന്‍ കഴിയുകയുള്ളു-മാര്‍പ്പാപ്പ പറഞ്ഞു.
ഇതാദ്യമായാണ് മാര്‍പ്പാപ്പ കോണ്ടം എന്ന വാക്ക് പരസ്യമായി ഉപയോഗിക്കുന്നത്. എന്തായാലും കോണ്ടം ഉപയോഗം എയ്‌ഡ്‌സ് വര്‍ധിപ്പിക്കുമെന്ന മാര്‍പ്പാപ്പയുടെ പ്രസ്‌താവന ലോകത്തൊട്ടാകെയുള്ള ആരോഗ്യപ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുണ്ട്.
എയ്‌ഡ്‌സ് ഉള്ള പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുന്നത് രോഗം പടരുന്നത് തടയാന്‍ ഉപകരിക്കുമെന്ന് മുമ്പ് മിലാന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ കാര്‍ളോ മരിയ മാര്‍ട്ടിന് പ്രസ്‌താവിച്ചിരുന്നു.












Click it and Unblock the Notifications