മൊബൈല്‍ പ്രണയത്തിന് കോടതിയില്‍ അന്ത്യം
കൊച്ചി: എസ്‌എംഎസുകളിലൂടെ തളിരിട്ട പ്രണയത്തിന് ഹൈക്കോടതിയില്‍ കാമുകന്റെ ആത്മഹത്യാശ്രമത്തോടെ അന്ത്യമായി.
മൊബൈല്‍ വഴി പരിചയപ്പെട്ട് പ്രണയിച്ച് ഒരുമിച്ച് ജീവിതം ആരംഭിച്ചശേഷം കാമുകി പിന്‍മാറിയപ്പോഴാണ് കാമുകന്‍ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം നടത്തിയത്.
ആത്മഹത്യാശ്രമത്തിനിടെ ബോധംകെട്ടുവീണ കാമുകന്‍ ആലപ്പുഴ തുമ്പോളി ചാരങ്കാട്ട് വീട്ടില്‍ ജോസ് മൈക്കിളിനെ ഹൈക്കോടതി രജിസ്‌ട്രാറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സോഫ്‌റ്റ്‌വേര്‍ എന്‍ജിനീയറാണെന്ന ജോസിന്റെ അവകാശവാദം വിശ്വസിച്ച് വീടുവിട്ടിറങ്ങിയ തലശേരിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് അവസാനം കോടതിയില്‍ കാമുകനെ വേണ്ടെന്ന് പറഞ്ഞത്. ഒരു മാസത്തിലേറെ ഒരുമിച്ച് ജീവിച്ചശേഷമാണ് കാമുകന്‍ ടാക്‌സി ഡ്രൈവറാണെന്നകാര്യം കാമുകി തിരിച്ചറിഞ്ഞത്.
കാമുകിയെ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാരോപിച്ച് ജോസ് ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കി. ഈ കേസ് റദ്ദാക്കാന്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് അമ്മയോടൊപ്പം കഴിഞ്ഞാല്‍ മതിയെന്ന് കാമുകി കോടതിയില്‍ പറഞ്ഞത്.
കാമുകി തന്നെ ഉപേക്ഷിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ജോസ് കോടതിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസും മറ്റാളുകളും ചേര്‍ന്ന് ഇയാളെ പിന്തിരിപ്പിച്ചു. ഇതിനിടെ ജോസ് ബോധരഹിതനാവുകയായിരുന്നു.


Click it and Unblock the Notifications