ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ ഭീതിയില്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ടെക്‌നോപാര്‍ക്കിലെ കൂടുതല്‍ കമ്പനികള്‍ ചെലവു ചുരുക്കല്‍ നടപടികളിലേയ്‌ക്ക് തിരിയുന്നു.
ഇതുവരെ മറ്റു കമ്പനികളുണ്ടായ പിരിച്ചുവിടല്‍ നടപടികള്‍ വിവാദമാവുകയും സര്‍ക്കാര്‍ ഇടപെടുകയും ചെയ്‌തതോടെ പിരിച്ചുവിടലിന് പകരം നിര്‍ബന്ധിത അവധി നല്‍കല്‍, ആനുകൂല്യങ്ങള്‍ കുറയ്‌ക്കല്‍ തുടങ്ങിയ നടപടികളാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.
ടെക്‌നോപാര്‍ക്കിലെ പ്രധാന അനിമേഷന്‍ കമ്പനിയായ ടൂണ്‍സ് ആന്റ് അനിമേഷന്‍സിലെ നിര്‍ബന്ധിത അവധി നല്‍കലാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. താല്‍ക്കാലികമായി അവധിയില്‍ പ്രവേശിക്കാന്‍ കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഒരു മാസം മുതല്‍ ആറുമാസംവരെ അവധിയില്‍ പ്രവേശിക്കാനാണത്രേ നിര്‍ദ്ദേശം. എന്നാല്‍ അവധി എടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഒരാളെയും പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
എന്തായാലും ഈ പ്രശ്‌നങ്ങള്‍ ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്കിടയില്‍ വീണ്ടും ഭീതി പരത്തുകയാണ്. അവധിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ കമ്പനി തങ്ങളെ തിരികെ നിയമിച്ചേയ്ക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഇതിനിടെ ടൂണ്‍സ് ആന്റ് അനിമേഷന്‍സ് നൂറിലേറെ ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് എത്രത്തോളം സത്യമാണെന്നകാര്യം വ്യക്തമല്ല.












Click it and Unblock the Notifications