എന്‍സിപി നാലിടത്ത് മത്സരിക്കും: മുരളീധരന്‍
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി സംസ്ഥാത്ത് നാലു ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ മുരളീധരന്‍ പറഞ്ഞു.
സീറ്റുകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നീക്കാര്യങ്ങള്‍ ഞായറാഴ്‌ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡേഴ്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നവരെ മറ്റു 16 മണ്ഡലങ്ങളില്‍ എന്‍സിപി തിരിച്ച് സഹായിക്കുമെന്ന് മുരളി പറഞ്ഞു. മുന്നണിയ്‌ക്കുവേണ്ടി ഇനി സമയം കളയാനില്ല.
ആര്‍ക്കെങ്കിലും സഹായം വേണമെങ്കില്‍ പരസ്യമായി ആവശ്യപ്പെടാം. രണ്ട് മുന്നണികളും ശത്രുക്കളോ മിത്രങ്ങളോ അല്ല. മുസ്ലീം ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കുന്നത് ശരിയല്ല- അദ്ദേഹം പറഞ്ഞു.
കോഴിക്കോടും വയനാടുമാണ് എനിക്ക് പ്രിയപ്പെട്ട മണ്ഡലങ്ങള്‍. ഞാന്‍ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തില്‍ ഇടതുപക്ഷ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് കരുതുന്നത്.
മൂന്നാം മുന്നണിയെന്നൊക്കെ പറയുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കാനാണ് സാധ്യത. മൂന്നാം ബദലിനെക്കുറിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് ഇതാണ് സൂചിപ്പിക്കുന്നത്- മുരളീധരന്‍ ചൂണ്ടിക്കാട്ടി.
വയനാട്ടില്‍ എന്‍സിപി മത്സരിക്കുകയാണെങ്കില്‍ യുഡിഎഫ് പിന്തുണയ്‌ക്കണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications