ഇടതുമുന്നണിയിലും ശൈഥില്യമുണ്ട്: വിഎസ്
ആലപ്പുഴ: ഇടതുമുന്നണിയിലും ശൈഥില്യമുണ്ടെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. സീറ്റ് വിഭജനത്തിന്റെ പേരില്‍ മുന്നണിയില്‍ നിന്നും ജനതാദള്‍ മാറിനില്‍ക്കുന്ന സംഭവത്തെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുന്നണിയില്‍ നിന്നും ഒരു കക്ഷി ഒഴിവായി നില്‍ക്കുകയാണ്. അവര്‍ ആഗ്രഹിച്ച സീറ്റ് നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ എല്‍ഡിഎഫില്‍ നിന്നും വിട്ടുനില്‍ക്കുന്നു. അത്യന്തം പ്രാധാന്യമുള്ളതാണ് ഈ തിരഞ്ഞെടുപ്പ്- വിഎസ് പറഞ്ഞു.
യുഡിഎഫിലെ സീറ്റ് വിഭജന പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സ്വന്തം മുന്നണിയിലെ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞത്. യുഡിഎഫില്‍ നല്ല ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ആളില്ലാത്തത്ര ദാരിദ്ര്യമാണ്.
എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന് പറഞ്ഞിട്ട് കോണ്‍ഗ്രസ് അവസാനം മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കിയിരിക്കുന്നു. ഷാനിമോള്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞതോടെ അവരുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വനിതകളേയില്ലാതായി. പുരുഷന്മാര്‍തന്നെ എത്രയുണ്ടെന്ന് പറയാന്‍ കഴിയില്ല. ഇടതുമുന്നണി ഈ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കും- അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുന്ന ബിജെപിയെയും രാജ്യത്തെ സാമ്രാജ്യത്വത്തിന് അടിയറവച്ച കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തണം. അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചതുകൊണ്ടാണ് ഒറീസയില്‍ ബിജെപിയോട് വിടപറഞ്ഞ് ബിജു ജനതാദള്‍ ഇടതുപക്ഷത്തിനൊപ്പം വന്നത്. ഇതില്‍ അവര്‍ ലജ്ജിക്കേണ്ടകാര്യമില്ല- വിഎസ് പറഞ്ഞു.












Click it and Unblock the Notifications