കാമുകനെ കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു
കാഞ്ഞാണി(തൃശൂര്‍): കാമുകനെ കാത്തുനിന്ന യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. കാരമുക്ക് സ്വദേശിനിയും വിവാഹമോചിതയുമായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം നടന്നത്. കൂര്‍ക്കഞ്ചേരിയിലെ ആശുപത്രിക്കടുത്ത് കാമുകനെ കാത്തുനില്‍ക്കുകയായിരുന്നു യുവതി. അപ്പോള്‍ അതുവഴി വന്ന പ്രതികളിലൊരാള്‍ യുവതിയെ തന്ത്രപൂര്‍വ്വം പറഞ്ഞ് പറ്റിച്ച് കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നുവത്രേ.
പിന്നീട് സംഘത്തിലുള്ള ഒരാളിന്റെ വീട്ടില്‍ കൊണ്ടുപോയി എല്ലാവരും ചേര്‍ന്ന് പീഡിപ്പിയ്‌ക്കുകയായിരുന്നു. വെള്ളിയാഴ്‌ച സംഘം ഫോണ്‍ വഴി യുവതിയെ കച്ചവടം ചെയ്‌തുവെന്നും ഇതാരൊക്കെയായിട്ടാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ഈ ഇനത്തില്‍ നാലായിരം രൂപയോളം സംഘത്തിന് ലഭിച്ചിട്ടുണ്ടത്രേ. യുവതിയെ കാണാനില്ലെന്ന് കാണിച്ച് അവരുടെ അമ്മ അന്തിക്കാട് പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ കമ്പനിക്കാരുടെ സഹായത്തോടെയാണ് ഈ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയത്.
പിന്നീട് ഇയാളെ ഉപയോഗിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ യുവതിയെ പ്രതികളിലൊരാള്‍ക്കൊപ്പം പെരിങ്ങോട്ടുകരയില്‍ വച്ച് കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ യുവതിയെ അമ്മയോടൊപ്പം വിട്ടയച്ചു. പ്രതികളെ ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications