ഇടതുമുന്നണി വിടില്ല: മാത്യു ടി തോമസ്
പത്തനംതിട്ട: തിരഞ്ഞെടുപ്പില്‍ സീറ്റിനുവേണ്ടിയുള്ള വടംവലികളെത്തുടര്‍ന്ന് എല്‍ഡിഎഫിന് പുറത്തുമല്ല അകത്തുമല്ല എന്ന അവസ്ഥയില്‍ നില്‍ക്കുന്ന ജനതാദള്‍-എസിലെ ആഭ്യന്തര ഭിന്നതകള്‍ മറനീക്കി പുറത്തുവന്നു.
ഇടതുമുന്നണിയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും പാര്‍ട്ടി പറഞ്ഞാലും ഈ നിലപാട് മാറ്റാന്‍ കഴിയില്ലെന്നും മുന്‍ ഗതാഗതമന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കി. ഇന്ത്യാവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാത്യു ടി തോമസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
മന്ത്രി പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്ന വിശദീകരണവുമായി രാത്രി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ കെ കൃഷ്‌ണന്‍കുട്ടി രംഗത്തെത്തിയതോടെ ജനതാദളിലെ ഭിന്നിപ്പിന്റെ സ്വരം വ്യക്തമായി.
എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും ഒരുകാരണവശാലും യുഡിഎഫിലേയ്‌ക്കില്ലെന്നും ഇനി മന്ത്രിയാകാനില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. ജനതാദള്‍ എല്‍ഡിഎഫില്‍ത്തന്നെ തുടരും. യുഡിഎഫിലേയ്‌ക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ല. പത്ത് മുപ്പത് കൊല്ലമായി സ്വരൂപിച്ചുണ്ടാക്കിയ രാഷ്ട്രീയമാണ് എന്റേത്. അത് പാര്‍ട്ടി പറഞ്ഞാല്‍ ഒറു ദിവസം കൊണ്ട് മാറ്റാനാവില്ല.
പാര്‍ട്ടി തീരുമാനങ്ങള്‍ അനുസരിക്കുന്ന പ്രവര്‍ത്തകനാണ് ഞാന്‍. എന്നാല്‍ മനസ്സാക്ഷയിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി മുന്നേറ്റത്തിലൂടെ കോണ്‍ഗ്രസിനെതിരെ സമരം തുടങ്ങിയ ആളാണ് ഞാന്‍. ആ സമരം തുടരുകതന്നെ ചെയ്യും.- അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് വിട്ടുപോരാന്‍ പാര്‍ട്ടി ഒരു ഘട്ടത്തിലും ആലോചിച്ചിട്ടില്ലെന്നും എല്‍ഡിഎഫില്‍ നിന്നും ചവിട്ടി പുറത്താക്കിയെന്ന വീരേന്ദ്രകുമാര്‍ എംപിയുടെ പ്രസ്‌തവാന ഏറ്റവും വികാരപരമായ പരാമര്‍ശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications