താടി വളര്‍ത്താന്‍ അനുവാദം തേടി സുപ്രീം കോടതിയില്‍
ദില്ലി: താടിവളര്‍ത്താന്‍ അനുവാദം നല്‍കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥി സുപ്രീം കോടതിയില്‍ പരാതി നല്‍കി. മധ്യപ്രദേശിലെ നിര്‍മല കോണ്‍വെന്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സലീമാണ് താടിവളര്‍ത്താന്‍ അനുവദിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കോടതിയിലെത്തിയത്.
വിദ്യാര്‍ത്ഥികള്‍ ക്ലീന്‍ ഷേവ് ചെയ്‌ത് വേണം വരാന്‍ എന്നതാണ് സ്‌കൂളിലെ നിയമം. ഇതേവിഷയത്തില്‍ സ്‌കൂളിന് അനുകൂലമായി മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി റദ്ദാക്കണമെന്നും താടിവളര്‍ത്താന്‍ അനുവദാം നല്‍കണമെന്നുമാണ് സലീമിന്റെ ആവശ്യം.
മതേതര രാജ്യമായ ഇന്ത്യയില്‍ ഓരോ പൗരനും അവന്റേതായ മതാചാരങ്ങള്‍ അനുസരിക്കാന്‍ അവകാശമുണ്ടെന്നാണ് സലീമിന്റെ വാദം. ക്ലീന്‍ഷേവ് ചെയ്യണമെന്ന നിബന്ധന ഭരണഘടനയുടെ 25ാം അനുഛേദത്തിന്റെ ലംഘനമാണെന്ന് സലീമിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.
താടി വടിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് മതവിശ്വാസത്തിനും കുടുംബ ആചാരങ്ങള്‍ക്കും എതിരാണെന്നും അദ്ദേഹം പറയുന്നു. സിഖ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് താടിയും തലപ്പാവും ധരിക്കുന്നതിന് വിലക്കില്ലാത്ത സാഹചര്യത്തില്‍ തനിക്ക് താടി വയ്‌ക്കാന്‍ അനുമതി നിഷേധിക്കുന്നത് വിവേചനമാണെന്ന് സലീമും പറയുന്നു.
സ്‌കൂളിന് അതിന്റേതായ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ അവകാശം ഉണ്ടെന്നുള്ള വാദം അംഗീകരിച്ചാണ് മധ്യപ്രദേശ് ഹൈക്കോടതി സലീമിന്റെ പരാതി മുമ്പ് തള്ളിയത്. കേസ് മാര്‍ച്ച് 30ന് പരിഗണിക്കുമെന്ന് അറിയിച്ച സുപ്രീം കോടതി സ്‌കൂള്‍ എയ്‌ഡഡ് ആണോ എന്ന് വ്യക്തമാക്കാന്‍ പരാതിക്കാരനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications