ജനതാദള്‍ എംഎല്‍എമാരെ പ്രലോഭിപ്പിക്കുന്നു
കൊച്ചി: ജനതാദള്‍ എംഎല്‍എമാരെ സ്ഥാനമാനങ്ങള്‍ വാഗ്‌ദാനം ചെയ്‌ത് എല്‍ഡിഎഫ് പ്രലോഭിപ്പിയ്‌ക്കുകായണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജനറല്‍ കെ കൃഷ്‌ണന്‍കുട്ടി ആരോപിച്ചു. ഇതിനായി സിപിഎം നടത്തുന്ന ശ്രമങ്ങള്‍ക്ക് വ്യക്തമായ തെളിവുകളില്ലെന്നും എന്നാല്‍ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദളിന്റെ അങ്കമാലി എംഎല്‍എ ജോസ് തെറ്റയിലിന് എല്‍ഡിഎഫില്‍ നിന്ന് ഭീഷണിയുണ്ടെന്നും അദ്ദേഹം ചിലപ്പോള്‍ മുന്നണി വിട്ടേയ്‌ക്കുമെന്നും വാര്‍ത്താ ചാനലിന് നല്‌കിയ അഭിമുഖത്തില്‍ കൃഷ്‌ണന്‍കുട്ടി വെളിപ്പെടുത്തി. സീറ്റ് നിഷേധിച്ച ഇടതു മുന്നണി നിലപാടിനെതിരെ ദള്‍ സംസ്ഥാന കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തിനെതിരെ രംഗത്തെത്തിയ മാത്യു ടി തോമസ് വിശ്വാസ വഞ്ചന കാണിച്ചെന്നും കൃഷ്‌ണന്‍കുട്ടി ആരോപിച്ചു.
എല്‍ഡിഎഫിനെതിരെ പ്രതികരിയ്‌ക്കണമെന്ന് പ്രമേയം കൊണ്ടു വന്നത് തന്നെ മാത്യു ടി തോമസാണ്. എംഎല്‍എമാര്‍ പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെങ്കിലും അങ്ങനെ ചില സൂചനകളും ലഭിയ്‌ക്കുന്നുണ്ട്. ദളിന് രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കൃഷ്‌ണന്‍കുട്ടിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. പ്രലോഭനത്തില്‍ വീണും സ്ഥാനമാനങ്ങള്‍ സ്വീകരിച്ചും വരുന്ന ആരെയും എല്‍ഡിഎഫിന് ആവശ്യമില്ലെന്ന് വൈക്കം വിശ്വന്‍ വ്യക്തമാക്കി. അത്തരത്തില്‍ ആരെയും കൂടെനിര്‍ത്തേണ്ട കാര്യം പാര്‍ട്ടിക്കില്ല. ജനതാദള്‍ മുന്നണിയില്‍ തുടരണമെന്ന് തന്നെയാണ് ആഗ്രഹിയ്‌ക്കുന്നതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.












Click it and Unblock the Notifications