മദനിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്
തിരുവനന്തപുരം: മദനിയെക്കുറിച്ച് പുറത്തുവന്ന കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ജയില്‍ മോചിതനായ ശേഷം നടന്ന സംഭവങ്ങളെപ്പറ്റി പ്രത്യേക പോലീസ് സംഘം അന്വേഷണം തുടരുകയാണ്.
പത്രങ്ങളില്‍ വന്ന കാര്യങ്ങള്‍ അതേ പടി അംഗീകരിക്കാനോ തള്ളിക്കളയാനോ കഴിയില്ല. അന്വേഷണത്തിലൂടെ മാത്രമെ കാര്യങ്ങള്‍ പുറത്തു വരികയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവാദം തെറ്റും അപകടകരവുമാണെന്ന് ബോധ്യമായ പിഡിപി നേതൃത്വം അത് തിരുത്താനുള്ള അവസരങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ആര്‍എസ്‌പി അഖിലേന്ത്യാ സെക്രട്ടറി പ്രൊഫ ടിജെ ചന്ദ്രചൂഢനെ ആക്ഷേപ സൂചകമായി വിമര്‍ശിച്ചത് ശരിയായില്ല. ഇത്തരത്തിലുള്ള വിമര്‍ശനം നടത്തിക്കൂടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ജയില്‍ മോചിതനായ മദനിക്ക് താന്‍ തെറ്റുകാരനല്ലെന്ന് പറയാം. എന്നാല്‍ സര്‍ക്കാരിന് ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്‌താവന ആഭ്യന്തരമന്ത്രി നടത്തി. എന്നാല്‍ അതുകൊണ്ട് കാര്യങ്ങള്‍ അവസാനിപ്പിക്കാതെ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വിവരങ്ങള്‍ അറിയുകയാണ് താന്‍ ചെയ്‌തത്. അന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്.
പൊന്നാനിയില്‍ നടത്തിയ പ്രസംഗത്തില്‍ പത്രവാര്‍ത്തകള്‍ ഉയര്‍ത്തിക്കാട്ടി മദനി കാര്യങ്ങള്‍ വിശദീകരിച്ചു. ഇതുമാത്രം പോരാ. സാവകാശത്തോടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. മദനിയാണ് ന്യായീകരിക്കപ്പെടേണ്ടത്. ക്ഷമയോടെ പിഡിപി അതിനു ശ്രമിക്കണം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ട അവര്‍ക്ക് തിരുത്താന്‍ അവസരം നല്‍കണമെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications