വൈറ്റ് ഹൗസില്‍ അടുക്കളത്തോട്ടം

വിരുന്നുകളിലും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാന്‍ തിടുക്കപ്പെടുന്നതിലേറെ സ്വന്തം കുടുംബത്തിന് വേണ്ടി പ്രയത്‌നിക്കാനും സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കാനും മിഷേലിന് കഴിയുന്നു.
ഭാരിച്ച ഉത്തരവാദിത്വങ്ങളുമായി നടക്കുന്ന ഭര്‍ത്താവിന്റെയും പിന്നെ കുട്ടികളുടെയും കാര്യം നോക്കുന്നതിനൊപ്പം തന്നെ അവര്‍ക്കൊക്കെ രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണം നല്‍കാനും ഈ പ്രഥമ വനിത മറക്കുന്നില്ല. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി ഇവര്‍ വൈറ്റ് ഹൗസില്‍ ഒരു അടുക്കളത്തോട്ടം തന്നെ നിര്‍മ്മിച്ചു.
ഇതാദ്യമായാണ് ഈ മണിമന്ദിരത്തിലെത്തിയ ഒരു പ്രഥമവനിത ഇത്തരത്തിലൊരു ഉദ്യമം നടത്തുന്നത്. ഇവിടുള്ളവര്‍ക്കെല്ലാം മായം ചേര്‍ക്കാത്ത നല്ല വസ്‌തുക്കള്‍ പാകം ചെയ്‌ത് കഴിയ്‌ക്കാമല്ലോയെന്നാണ് തോട്ടത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മിഷേല്‍ പറയുന്നത്.
കൃഷിപ്പണിക്കാരായ പൂര്‍വ്വികരുടെ ഗുണം തലമുറകള്‍ മാറിവന്നിട്ടും മിഷേലില്‍ നിറഞ്ഞുനില്‍ക്കുന്നു. വൈറ്റ് ഹൗസിന്റെ തെക്ക് ഭാഗത്തുള്ള പുല്‍മേടിനോട് ചേര്‍ന്നാണ് മിഷേല്‍ പച്ചക്കറി കൃഷി നടത്തുന്നത്.
ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തെ എതിര്‍ക്കുന്ന ഈ പ്രഥമ കുടുംബം ഈ സംസ്‌കാരത്തില്‍ നിന്നും അമേരിക്കന്‍ ജനത തിരിച്ചുവരണമെന്നും ആഗ്രഹിക്കുന്നുണ്ട്. അതിനായി സമൂഹത്തിന് വ്യക്തമായ ഒരു സന്ദേശം നല്‍കേണ്ടതുണ്ടെന്നും മിഷേല്‍പറയുന്നു. വര്‍ധിച്ചുവരുന്ന അസുഖങ്ങള്‍ക്കും പൊണ്ണത്തടിയ്‌ക്കും ഒരു കാരണം ഈ ഫാസ്റ്റ് ഫുഡ് സംസ്‌കാരമാണെന്നതില്‍ മിഷേലിനും സംശയമേതുമില്ല.
ഈയിടെ സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം വിക്ടറി ഗാര്‍ഡനില്‍ പച്ചക്കറി നട്ടുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയില്‍ ഭക്ഷ്യോല്‍പാദനം സാധ്യമാകുമെന്ന് മിഷേല്‍ ഉപദേശിക്കുകയും ചെയ്‌തിരുന്നു.
വാഷിങ്‌ടണിലെ എലമെന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മിഷേല്‍ മണ്ണുകിളച്ച് വൃത്തിയാക്കി വിത്തിറക്കുന്നത് കാണാന്‍ വന്‍ മാധ്യമപ്പടയാണ് എത്തിയിരുന്നത്. കാരറ്റ്, ബ്രൊക്കോളി വിവിധയിനം പഴങ്ങള്‍, ഇലക്കറികള്‍ എന്നിവയെല്ലാം മിഷേലിന്റെ തോട്ടത്തിലുണ്ട്.












Click it and Unblock the Notifications