പിഡിപി ബന്ധം: ചര്‍ച്ച ആവശ്യമില്ലെന്ന് കേന്ദ്രം
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിഡിപിയുടെ സഹായം സ്വീകരിക്കുന്നതിനായി പാര്‍ട്ടിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്.
പിഡിപിയുടെയും ജനപക്ഷത്തിന്റെയും സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചത് ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നും അതിനെക്കുറിച്ച് ഇനിയും ചര്‍ച്ചകളുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
പിഡിപി പിന്തുണ സംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളില്‍ നിന്നും നേരിടുന്ന വിമര്‍ശനം കാര്യമാക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനമെന്നറിയുന്നു.
പിഡിപിയെ എല്‍ഡിഎഫിലെ ഘടകകക്ഷിയാക്കാനുള്ള ചര്‍ച്ച ഇപ്പോള്‍ നടക്കുന്നില്ലെന്നും പുറത്തുനിന്നും സഹായിക്കുന്നവരുമായി വേദി പങ്കിടുന്നതില്‍ അപാകതയില്ലെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കിയതായി ഒരു സ്വകാര്യ ചാനലിലാണ് വാര്‍ത്ത വന്നത്.
പിഡിപിയ്‌ക്ക് ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം പ്രചാരണ വേദികളില്‍ നല്‍കുന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നും ഇത് പാര്‍ട്ടിയെ ബാധിക്കുമെന്നും കാണിച്ച് ബുധനാഴ്‌ച മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പിഡിപി ബന്ധത്തിലുള്ള പ്രതിഷേധം അറിയിച്ചിരുന്നു.
മാത്രമല്ല ബുധനാഴ്‌ച മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മദനിയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷണിക്കുമെന്ന് വിഎസ് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications