വിവാദ പ്രസംഗം വരുണ്‍ ഗാന്ധി അറസ്റ്റ് വരിച്ചേക്കും
ദില്ലി: പിലിബിത്തിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ വരുണ്‍ ഗാന്ധി ശനിയാഴ്‌ച അറസ്റ്റ് വരിച്ചേക്കും. സ്വന്തം മണ്ഡലമായ പിലിബിത്തില്‍ എത്തിയാണ് വരുണ്‍ അറസ്റ്റ് വരിയ്‌ക്കുകയെന്നാണ് സൂചന. അറസ്റ്റ് വരിയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്നതില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ വരുണ്‍ ഗാന്ധി പിന്‍മാറിയിരുന്നു.
അതിനിടെ പിലിബിത്തില്‍ പലയിടത്തും ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‌ക്കുകയാണ്.
വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം പിലിബിത്ത് ജില്ലാ മജിസ്‌ട്രേറ്റാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വരുണിനെതിരെ കേസെടുത്തിരിയ്‌ക്കുന്നത്.
വരുണ്‍ ഗാന്ധിയ്‌ക്ക് അലഹബാദ് ഹൈക്കോടതി അനുവദിച്ചിരുന്ന മുന്‍കൂര്‍ ജാമ്യ കാലാവധി വെള്ളിയാഴ്‌ച അവസാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ക്ക് പണം നല്‌കി സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചുവെന്ന കേസും വരുണ്‍ ഗാന്ധിയ്‌ക്കെതിരെ ഉണ്ട്.
അതേ സമയം വരുണിന്റെ വിവാദ പ്രസംഗം മറ്റു പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ ശ്രമിക്കുമ്പോള്‍ അറസ്റ്റിലൂടെ ലഭിയ്‌ക്കുന്ന രക്തസാക്ഷി പരിവേഷം തനിയ്‌ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് വരുണ്‍ ഗാന്ധി.












Click it and Unblock the Notifications