മോര്‍ഫിങ് ഭീഷണി: കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു
എരുമപ്പെട്ടി: കൃത്രിമമായി നിര്‍മ്മിച്ച അശ്ലീലചിത്രം പ്രചരിപ്പിക്കുമെന്ന ഭീഷണി ഭയന്ന് പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
എരുമപ്പെട്ടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിയ്‌ക്കുന്ന കുണ്ടന്നൂര്‍ സ്വദേശിനിയാണ് വ്യാഴാഴ്‌ച വൈകീട്ട് സ്‌കൂളില്‍ വച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
എസ്‌എസ്‌എല്‍സി അവസാന പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയില്‍ വച്ചാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വൈകീട്ട് അഞ്ചോടെ സ്‌കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
അപകടനില തരണം ചെയ്‌തതിനെത്തുടര്‍ന്ന് വെള്ളിയാഴ്‌ച വൈകീട്ട് കുട്ടിയെ ആശുപത്രിയിനിന്ന് വിട്ടയച്ചു. ചില സഹപാഠികളാണ് മോര്‍ഫിങ് നടത്തിയ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നു.
മൊബൈല്‍ ക്യാമറയിലും ഇന്റര്‍നെറ്റിലും ചിത്രം വരുത്തുമെന്ന് പറഞ്ഞ് കുട്ടിയെ മാനസികമായി പീഡിപ്പിയ്‌ക്കുകയും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ ചില കൂട്ടുകാരികള്‍ക്ക് സംഭവദിവസം ഇംഗ്ലീഷ് മരുന്നുകടയില്‍ ഉറക്കഗുളികകള്‍ ചോദിച്ച് ചെന്നതായും പറയുന്നുണ്ട്.
മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കണ്ടതായി ചിലര്‍ പറഞ്ഞതോടെയാണ് പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതത്രേ.
സംഭവങ്ങളില്‍ സ്‌കൂളിനടുത്ത കടയിലെ ജീവനക്കാരിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സ്‌ത്രീയാണത്രേ അശ്ലീലചിത്രങ്ങള്‍ പ്രചരിക്കുന്നതായി കുട്ടിയോട് പറഞ്ഞത്. ഇവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
ജില്ലാ പൊലീസ് സൂപ്രണ്ട് ഡിവൈഎസ്‌പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications