കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടില്ലെന്ന് വിഎസ്
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഘടകത്തിന്റെ പിഡിപി ബന്ധത്തെക്കുറിച്ച് താന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു എന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിഷേധിച്ചു. ഈ വാര്‍ത്ത ശരിയല്ലെന്നും മാധ്യമങ്ങളുടെ പ്രചരണം മാത്രമാണിതെന്നുമാണ് വിഎസ് പ്രതികരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സിപിഎം പിഡിപിയ്ക്ക് വന്‍ പ്രാധാന്യം നല്കുന്നതില്‍ പ്രതിഷേധമറിയിച്ച് വിഎസ് കേന്ദ്രത്തിന് കത്തെഴുതിയെന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.
പിഡിപി ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോടാകും വി എസ് പരാതി പറഞ്ഞതെന്നും സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്റെ കൈയില്‍ കത്ത് ഉണ്ടായിരിക്കുമെന്നും കാരാട്ട് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, വിഎസ് കത്തയച്ച കാര്യം അറിയില്ലെന്ന് പറഞ്ഞു. തന്റെ അറിവില്‍ അങ്ങനെയൊരു കത്ത് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചാല്‍ കത്തുകൊടുത്തു എന്നാകുമോ എന്നുമാണ് പിണറായി ചോദിച്ചത്. ദില്ലിയില്‍ സിപിഎം ആസ്ഥാനത്ത് ഭീകരവാദവും വര്‍ഗീയതയും എന്ന വിഷയത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ നയരേഖ പുറത്തിറക്കി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും കത്ത് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കത്ത് അയച്ചിട്ടില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി പിഡിപിയുമായി ബന്ധം സ്ഥാപിയ്ക്കുന്നത് പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നും മദനിക്ക് ഇടതുമുന്നണി വേദികളില്‍ ഇടം നല്കുന്നത് അപകടകരമാണെന്നും കാണിച്ച് വി എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്.












Click it and Unblock the Notifications