അമളി പറ്റിയിട്ടില്ല: വിപി രാമകൃഷ്‌ണപിള്ള
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് പിന്‍വലിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം അമളിയായിപ്പോയെന്ന ആര്‍എസ്‌പി ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ എതിര്‍ പ്രസ്‌താവനയുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിപി രാമകൃഷ്‌ണപ്പിള്ള.
തിരുവനന്തപുരത്ത് കേസരി സ്‌മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കവെയാണ് ചന്ദ്രചൂഡന്‍ വെള്ളിയാഴ്‌ച ഇത്തരത്തില്‍ പ്രസ്‌താവന നടത്തിയത്. എന്നാല്‍ ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രി രാജിവയ്‌ക്കുമെന്ന പ്രഖ്യാപനം അമളിയല്ലെന്നും പാര്‍ട്ടി തീരുമാനപ്രകാരമാണ് അങ്ങനെ പറഞ്ഞതെന്നുമാണ് രാമകൃഷ്‌ണപ്പിള്ള പറഞ്ഞത്.
മാധ്യമങ്ങളുടെ മുന്നില്‍ എന്തെങ്കിലും പറയുന്ന ആളല്ല ഞാന്‍. ചന്ദ്രചൂഡന്‍ ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കൊല്ലം സീറ്റ് കിട്ടിയില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കാമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ തന്നെയാണ് കമ്മിറ്റിയില്‍ പറഞ്ഞത്.
സീറ്റ് കീട്ടാതെ വന്നപ്പോള്‍ മന്ത്രിയെ പിന്‍വലിക്കേണ്ടെന്ന് തീരുമാനിച്ചതും പാര്‍ട്ടിയാണ്. എന്നാല്‍ പാര്‍ട്ടിയ്‌ക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത് ശരിയല്ല. ഇത് നല്ല ഒരു കേഡറിന് ചേര്‍ന്നതല്ലെന്ന അഭിപ്രായക്കാരനാണ് ഞാന്‍- അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ രാജി പ്രഖ്യാപിച്ചത് പാര്‍ട്ടിയ്‌ക്ക് പറ്റിയ അമളിയാണെന്നും അങ്ങനെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ അതില്‍ ഉറച്ച് നില്‍ക്കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് പാളിച്ച പറ്റിയെന്നുമായിരുന്നു ചന്ദ്രചൂഡന്‍ പറഞ്ഞത്.












Click it and Unblock the Notifications