ലാവലിന്‍: തീരുമാനം ഉടന്‍വേണമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ഉടന്‍തന്നെ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആര്‍എസ് ഗവായ് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോട് ആവശ്യപ്പെട്ടു.
കേസില്‍ പ്രോസിക്യൂഷന്‍ അനുമതി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നുവെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ നല്‍കിയ നിവേദനത്തിന്റെ പകര്‍പ്പ് ഗവര്‍ണര്‍ മുഖ്യമന്ത്രിയ്‌ക്ക് അയച്ചു. ഇതിനൊപ്പമാണ് വേഗത്തില്‍ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും നല്‍കിയിരിക്കുന്നത്.
കേസിലെ നിയമ നടപടികള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിക്കുകയാണെന്നാരോപിച്ച് യുഡിഎഫ് നേതാക്കള്‍ വെള്ളിയാഴ്‌ചയാണ് ഗവര്‍ണറെ കണ്ടത്. യുഡിഎഫ് നേതാക്കള്‍ നല്‍കിയ നിവേദനം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഗവര്‍ണര്‍ കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞുകൊണ്ട് ഗവര്‍ണര്‍ ഫിബ്രവരി രണ്ടിന് മുഖ്യമന്ത്രിയ്‌ക്ക് കത്തു നല്‍കിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാനായിരുന്നു മന്ത്രിസഭയുടെ തീരുമാനം. മൂന്നാഴ്‌ചയാണ് അന്ന് സമയം അനുവദിച്ചത്.
എന്നാല്‍ ഇതിനിടയില്‍ ലാവലിന്‍ കേസില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറഞ്ഞ ഹൈക്കോടതി തീരുമാനമെടുക്കാന്‍ സര്‍ക്കാറിന് മെയ് 11വരെ സമയം നല്‍കി. ഇതോടെ പ്രോസിക്യൂഷന്‍ നടപടികള്‍ അനിശ്ചിതമായി നീളുകയായിരുന്നു. കേസ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കഴിഞ്ഞ ദിവസം അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടതോടെ നിയമോപദേശം ഇനിയും വൈകുമെന്ന് ഉറപ്പായി.
എന്തായാലും ഗവര്‍ണര്‍ കത്തയച്ച സംഭവം ലാവലിന്‍ കേസിനെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ഗവര്‍ണറുടെ കത്ത് ചൂണ്ടിക്കാട്ടി നിയമോപദേശം വൈകിക്കരുതെന്ന് അഡ്വക്കേറ്റ് ജനറലിനോട് മുഖ്യമന്ത്രിയ്‌ക്ക് ആവശ്യപ്പെടാം. മെയ് 11വരെ കോടതി സമയം നല്‍കിയതിനാല്‍ കത്തിന്മേല്‍ ഉടന്‍ തീരുമാനമെടുക്കാതിരിക്കാനും മുഖ്യമന്ത്രിയ്‌ക്കു കഴിയും. എന്തായാലും മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്നവഴി നിര്‍ണായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.












Click it and Unblock the Notifications