തമിഴ്‌പുലികള്‍ കേരളത്തിലെത്തിയെന്ന് സൂചന
കൊച്ചി: ചേര്‍ത്തല തീരത്ത് എല്‍ടിടിഇ പ്രവര്‍ത്തകര്‍ ബോട്ടിലെത്തിയതായി സൂചന. രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചി നഗരത്തിലും ആലപ്പുഴയിലെ തീരപ്രദേശത്തും പോലീസ് പരിശോധ കര്‍ശനമാക്കി.
തിങ്കളാഴ്‌ച ഉച്ചയോടെ മത്സ്യബന്ധ തൊഴിലാളികളാണ് ഉപേക്ഷിയ്‌ക്കപ്പെട്ട നിലയില്‍ ബോട്ട് കണ്ടെത്തിയത്. എന്നാല്‍ ബോട്ട് കണ്ടെടുത്തുവെന്ന വാര്‍ത്ത പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിയ്‌ക്കാന്‍ തയാറായിട്ടില്ല.
ബോട്ടില്‍ 15ഓളം ആയുധധാരികള്‍ വന്നിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ യൂണിഫോം ധരിച്ചിരുന്നുവെന്നും മത്സ്യ തൊഴിലാളികള്‍ പറയുന്നു.
കര്‍ശനമായ പരിശോധനയാണ് കൊച്ചിയിലും എറണാകുളം-ആലപ്പുഴ അതിര്‍ത്തിയായ അരൂരിലും പോലീസ് നടത്തുന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന സംഘത്തിലുണ്ട്. അരൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ നൂറോളം പോലീസുകാരാണ് പങ്കെടുക്കുന്നത്.
എല്ലാ വാഹനങ്ങളും നിര്‍ത്തിച്ച് പോലീസ് പരിശോധിയ്‌ക്കുന്നുണ്ട്. സായുധ കമാന്‍ഡോകളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. കൊച്ചിയില്‍ കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് സമീപത്തും ആലുവ ദേശീയ പാതയിലുമാണ് സുരക്ഷാ പരിശോധന നടക്കുന്നത്.












Click it and Unblock the Notifications