താടി വേണ്ടെന്ന് മുസ്ലീം വിദ്യാര്‍ത്ഥിയോട് കോടതി
ദില്ലി: രാജ്യത്ത് താലിബാനിസം നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കി കൊണ്ട് മതാചാര പ്രകാരം താടി നീട്ടി വളര്‍ത്താന്‍ അനുമതി തേടിയ വിദ്യാര്‍ത്ഥിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മതേതരത്വം അട്ടിമറിയ്‌ക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
മധ്യപ്രദേശിലെ സര്‍ക്കാര്‍ അംഗീകൃത ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായ നിര്‍മ്മല കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് സലീമാണ് താടി വളര്‍ത്താന്‍ അനുമതി നല്‌കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
വിദ്യാര്‍ത്ഥികള്‍ ക്ലീന്‍ ഷേവ് ചെയ്യണമെന്ന സ്‌കൂള്‍ നിയമത്തെ ചോദ്യം ചെയ്‌താണ് സലീം ഹര്‍ജി നല്‌കിയിരുന്നത്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി സലീമിന്റെ ആവശ്യം തള്ളിയിരുന്നു.
ഒരു മതേതര രാജ്യത്ത് മതാചാരങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‌കാനാവില്ലെന്ന് കോടതി പറഞ്ഞു. നാളെ ഒരു പെണ്‍കുട്ടി ബുര്‍ഖ ധരിയ്‌ക്കാന്‍ അനുമതി തേടിയാല്‍ കോടതി എന്തു ചെയ്യുമെന്ന് ജസ്‌റ്റിസ് മാര്‍ക്കണ്ഡേയ കട്‌ജു ചോദിച്ചു. വ്യക്തിപരമായ വിശ്വാസങ്ങളും സ്ഥാപനങ്ങളുടെ അവകാശങ്ങളും തുലനം ചെയ്‌ത് പോകേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
മതേതര രാഷ്ട്രമായ ഇന്ത്യയില്‍ വ്യക്തിയുടെ മതാചാരങ്ങളെ ചോദ്യം ചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇസ്ലാം മതപ്രകാരം താടി വളര്‍ത്തുന്നത് ഒഴിച്ചു കൂടാനാവാത്ത കാര്യമാണെന്ന് സലീമിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബിഎ ഖാന്‍ വാദിച്ചു. എന്നാല്‍ ഈ വാദം ജസ്‌റ്റിസ് കട്‌ജു അംഗീകരിച്ചില്ല്ലെന്ന് മാത്രമല്ല, സലീമിന്റെ അഭിഭാഷകനായ എബി ഖാന്‍ തന്നെ താടി വളര്‍ത്തിയിട്ടില്ലെന്ന കാര്യവും കോടതി ശ്രദ്ധയില്‍പ്പെടുത്തി.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടേതായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications