അഞ്ജലി കസബിന്റെ വക്കീലായി തുടര്‍ന്നേക്കും
മുംബൈ: മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ അജ്മല്‍ കസബിന്റെ കേസ് അഭിഭാഷകയായ അഞ്ജലി വഗ്മരെ വാദിച്ചേക്കും. കേസിലെ സര്‍ക്കാര്‍ അഭിഭാഷകനായ ഉജ്ജ്വല്‍ നികം ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുംബൈയിലെ പ്രത്യേക കോടതി തിങ്കളാഴ്ചയാണ് അഞ്ജലി വാഗ്‌മരെയെ കസബിന്റെ അഭിഭാഷകയായി നിയമിച്ചത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ വാഗ്മരെയുടെ വീടിനു നേര്‍ക്ക് ആക്രമണം നടത്തിയിരുന്നു.
അക്രമത്തെ തുടര്‍ന്ന് വാഗ്‌മരെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒരു ദിവസത്തെ സമയം വേണമെന്നും ഇവര്‍ കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അഞ്ജലിക്കു പൂര്‍ണ സുരക്ഷ കോടതി ഉറപ്പു നല്‍കിയിട്ടുണ്ട്. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ വേര്‍ളി പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications