ഷെര്‍ളിയ്‌ക്ക് നാര്‍കോ പരിശോധന നടത്തണം: സിബിഐ
കൊച്ചി: അഭയ കേസില്‍ സിസ്‌റ്റര്‍ ഷെര്‍ളിയെയും മറ്റു ചിലരെയും നാര്‍കോ പരിശോധനയ്‌ക്ക് വിധേയരാക്കേണ്ടത് അനിവാര്യമാണെന്ന് സിബിഐ ഹൈക്കോടതിയെ അറയിച്ചു.
പയസ് ടെന്‍ത് കോണ്‍വെന്റില്‍ അഭയയോടൊപ്പം ഒരേമുറിയിലാണ് സിസ്റ്റര്‍ ഷെര്‍ളി താമസിച്ചിരുന്നത്. മരണം നടന്ന ദിവസം പുലര്‍ച്ചെ അഭയയെ വിളിച്ചുണര്‍ത്തിയത് സിസ്റ്റര്‍ ഷെര്‍ളിയായിരുന്നു.
തന്നെ നാര്‍കോ പരിശോധനയ്‌ക്ക് വിധേയയാക്കാന്‍ അനുമതി നല്‍കിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് സിസ്‌റ്റര്‍ ഷെര്‍ളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഷെര്‍ളിയുടെ വാദത്തെ സിബിഐ ശക്തിയുക്തം എതിര്‍ത്തു.
കൊലപാതകത്തിലെ തെളിവ് ശേഖരിക്കലിന്റെ ഭാഗമായിട്ടാണ് നാര്‍കോ പരിശോധന. അഭയ കൊലക്കേസിനെക്കുറിച്ച് ഷെര്‍ളിയ്‌ക്ക് അറിയാം. കേസ് അന്വേഷണവുമായി സഹകരിക്കാന്‍ ഷെര്‍ളിക്ക് ബാധ്യതയുണ്ട്- സിബിഐ വാദിച്ചു.
അതി സങ്കീര്‍ണമായ അഭയ കൊലക്കേസിന്റെ സത്യം പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ നാര്‍കോ പരിശോധന പോലുള്ള ശാസ്‌ത്രീയ രീതികള്‍ പ്രയോഗിച്ചേ പറ്റൂ എന്നാണ് സിബിഐ പറയുന്നത്.
സിസ്റ്റര്‍ ഷേര്‍ളിയെക്കൂടാതെ കോണ്‍വെന്റിലെ ജീവനക്കാരിയായ അച്ചാമ്മ, ത്രേസ്യാമ്മ, മുന്‍ ക്രൈംബ്രാഞ്ച് എസ്‌പി കെടി മൈക്കിള്‍ എന്നിവരെയാണ് നാര്‍കോ പരിശോധനയ്‌ക്ക് വിധേയമാക്കുക.
ആദ്യഘട്ടത്തില്‍ നടത്തിയ നാര്‍കോ പരിശോധനയില്‍ നിന്നാണ് ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍ സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായത്.












Click it and Unblock the Notifications