എല്‍ഡിഎഫിനൊപ്പമെന്ന് ജനതാദള്‍ കേന്ദ്ര നേതൃത്വം
കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ സ്വീകരിയ്‌ക്കേണ്ട സമീപനത്തെ കുറിച്ച് കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ വ്യത്യസ്‌ത നിലപാടുകള്‍ സ്വീകരിച്ചതോടെ ജനതാദള്‍ സെക്യൂലര്‍ പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പായി.
കേരളത്തില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുന്ന പ്രശ്‌നമില്ലെന്ന പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരെയാണ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്‌ക്കില്ലെന്ന് ജനതാദള്‍ സംസ്ഥാന നേതാവ് കെ കൃഷ്‌ണന്‍കുട്ടി പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിയ്‌ക്കില്ല. പ്രവര്‍ത്തകരുടെ വികാരം മാനിച്ച് സ്റ്റേറ്റ് കൗണ്‍സിലാണ് ഈ തീരുമാനം എടുത്തിരിയക്കുന്നത്.
ഇടത് മുന്നണിയില്‍ നിന്ന് കൊണ്ടു തന്നെ കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിയ്‌ക്കുമെന്ന് ദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി ദില്ലിയില്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് ഇത് അംഗീകരിയ്‌ക്കാനാവില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരിയ്‌ക്കുന്നത്.
ദേശീയ തലത്തില്‍ മൂന്നാം മുന്നണിയ്‌ക്ക് നേതൃത്വം നല്‌കിയത് ദളാണെന്നും അതു കൊണ്ട് പ്രവര്‍ത്തകരെ ഇതില്‍ നിന്ന് ശ്രദ്ധ തിരിയ്‌ക്കുന്നത് ശരിയല്ലെന്നും ഡാനിഷ് അലി പറഞ്ഞിരുന്നു. എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കോണ്‍ഗ്രസ് പിന്തുണ നല്‌കുമെന്ന് പ്രഖ്യാപിച്ചതോടെ മൂന്നാം മുന്നണിയുടെ കഥ കഴിഞ്ഞുവെന്നായിരുന്നു കെ കൃഷ്‌ണന്‍കുട്ടി നല്‌കിയ മറുപടി.
ഇതിനിടെ മുന്‍മന്ത്രി മാത്യു ടി തോമസും ജോസ് തെറ്റയിലും മറ്റു ചില പ്രമുഖ നേതാക്കളും ബുധനാഴ്‌ച രാവിലെ മംഗലാപുരത്ത് വച്ച് ദേവഗൗഡയുമായി കൂടിക്കാഴ്‌ച നടത്തി. കേരളത്തില്‍ പാര്‍ട്ടി സ്വീകരിയ്‌ക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് വേണമെന്നും ഇവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഈയാവശ്യം അംഗീകരിച്ച ദേവഗൗഡ പാര്‍ട്ടി എല്‍ഡിഎഫിനൊപ്പം തുടരുമെന്നും ഇത് സംബന്ധിച്ച് വീരേന്ദ്രകുമാറിന് കത്തയക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications