അബ്ദുള്ളക്കുട്ടി വട്ടനാണെന്ന് മദനി
കൊച്ചി: കമ്യൂണിസ്റ്റുകാര്‍ക്കിടിയിലെ വട്ടനാണ് എ.പി അബ്ദുള്ളക്കുട്ടി എംപിയെന്ന് പിഡിപി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മദനി.
കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ വട്ടന്മാര്‍ ഇല്ലെന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ ഈ ചെക്കനെ കാണുമ്പോള്‍ വട്ടുള്ളവനാണെന്ന് തോന്നുന്നുവെന്നായിരുന്നു അബ്ദുള്ളക്കുട്ടിയെക്കുറിച്ചുള്ള മദനിയുടെ പരാമര്‍ശം.
ഉമ്രചെയ്യുന്ന എത്രയോ സിപിഎമ്മുകാരെ എനിക്കറിയാം. എന്നാല്‍ അബ്ദുള്ളക്കുട്ടി ഉമ്രയ്‌ക്ക്‌് പോയത് വലിയ കാര്യമായി അദ്ദേഹംതന്നെ പരസ്യമാക്കി. ഗുഡറാത്തിലെ നരേന്ദ്രമോഡിയെ മാതൃകയാക്കണമെന്ന് പറഞ്ഞതിനാണ് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി പുറത്താക്കിയത്.
പവിത്രമായ ചരിത്രമുള്ള മുസ്ലീം ലീഗിന് വേണ്ടി വോട്ടുപിടിക്കാന്‍ അബ്ദുള്ളക്കുട്ടിയാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാര്‍ മലപ്പുറത്തു നിന്നും ഇത്തവണ ദില്ലിയിലേയ്‌ക്ക് പോകില്ല- മദനി പറഞ്ഞു.
ജയിലില്‍ കിടന്നപ്പോള്‍ കരയിച്ച നാളുകളായിരുന്നു ഗുജറാത്ത് കലാപത്തിന്റെ ദിനങ്ങള്‍. ഞാന്‍ വീണ്ടും ജയിലില്‍ പോകുമെന്ന് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പറയുന്നത് എന്തിന്റെ പേരിലാണ്.
പത്തുവര്‍ഷം ഒരു കുറ്റവും ചെയ്യാത്ത ഞാന്‍ ജയിലില്‍ കിടന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ എന്റെ ഭാര്യ ബസ് കത്തിക്കാന്‍ പണം നല്‍കിയെന്നാണ് ആരോപണം.ആരും വിശ്വസിക്കാത്ത വങ്കത്തരമാണിത്- മദനി പറഞ്ഞു.
രാഷ്ട്രസുരക്ഷയ്‌ക്ക് ദേശീയ ബദല്‍ എന്ന മുദ്രാവാക്യവുമായി മട്ടാഞ്ചേരിയില്‍ പിഡിപി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications