മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം റദ്ദാക്കി
തിരുവനന്തപുരം: തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരെയെല്ലാം ഏപ്രില്‍ ഫൂളാക്കി കൊണ്ട് മുഖ്യമന്ത്രി തന്റെ വാര്‍ത്താ സമ്മേളനം റദ്ദാക്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിയ്‌ക്കാന്‍ വേണ്ടി വിളിച്ച് ചേര്‍ക്കാറുള്ള പതിവ് വാര്‍ത്താ സമ്മേളനമാണ് മുഖ്യമന്ത്രി അവസാന നിമിഷം വേണ്ടെന്ന് വച്ചത്.
ലോക വിഡ്‌ഢി ദിനമായതിനാല്‍ മുഖ്യമന്ത്രി തങ്ങളെ ഏപ്രിള്‍ ഫൂളാക്കിയതാണോയെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ സംശയം. വാര്‍ത്താ സമ്മേളനത്തിന് വേണ്ടി ക്യാമറയൊക്കെ ഒരുക്കി കാത്തിരിയ്‌ക്കുന്നതിനിടെയാണ് സംഭവം റദ്ദാക്കിയ വിവരമെത്തിയത്.
എന്നാല്‍ മന്ത്രിസഭാ യോഗത്തില്‍ പ്രത്യേകിച്ച് തീരുമാനങ്ങളൊന്നും ഇല്ലാത്തതിനാലാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. വലിയ കാര്യമില്ലാതെ വാര്‍ത്താ സമ്മേളനം നടത്തി എന്തിന് വെറുതെ ലാവലിനും പിഡിപിയുമൊക്കെ വലിച്ചിട്ട് പുലിവാല് പിടിയ്‌ക്കുന്നതെന്ന് മുഖ്യമന്ത്രിയും വിചാരിച്ചിട്ടുണ്ടാകും.
കഴിഞ്ഞ കുറച്ചു കാലമായി തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ബുധനാഴ്‌ച ദിനങ്ങള്‍ വന്‍ ചാകരയാണ്. അന്ന് ചേരാറുള്ള മന്ത്രിസഭാ യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വിശദീകരിച്ചതിന് ശേഷം വിഎസ് നടത്തുന്ന പല പ്രസ്‌താവനകളും പിന്നീടുള്ള ദിവസങ്ങളില്‍ വന്‍വിവാദമായി കത്തിപ്പടരാറുണ്ട്. ഇതാണ് ബുധനാഴ്‌ചയെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രിയങ്കരമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications