പിതാവ് 25 വര്‍ഷം പീഡിപ്പിച്ചെന്ന് മകള്‍
ബോഗോട്ട: സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ പീഡിപ്പിച്ച അഞ്ച് പിതാക്കന്മാരെങ്കിലും അടുത്ത ഏതാനും ദിവസങ്ങള്‍ക്കിടെ വാര്‍ത്തയില്‍ ഇടം നേടി.
പീഡനകാലം കുറവാണെങ്കിലും ഇതില്‍ രണ്ട് പിതാക്കന്മാര്‍ ഇന്ത്യയില്‍ നിന്നാണെന്നത് പീഡനക്കാര്യത്തില്‍ നമ്മുടെ നാടും ഒട്ടും പിന്നിലല്ലെന്ന് വിളിച്ചോതുന്നു.
സ്വന്തം മകളെ 24 വര്‍ഷത്തോളം ഇരുട്ടറയിലിട്ട് ലൈംഗികമായി ചൂഷണം ചെയ്‌ത് മക്കള്‍ക്ക് ജന്മം നല്‍കിയ ഓസ്‌ട്രിയക്കാരനായ പിതാവിന്റെ കഥയ്‌ക്കുപിന്നാലെ വിദേശത്തുനിന്നും വീണ്ടുമൊരു സെക്‌സ് രാക്ഷസനായ പിതാവിന്റെ കഥ പുറത്തുവന്നു.
തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലാണ് സംഭവം നടന്നത്. 25 വര്‍ഷമായി അമ്പത്തിയെട്ടുകാരനായ ആര്‍സെബിയോ ആല്‍വാരസ് എന്നയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവത്രേ.
മുപ്പത്തിയഞ്ചുകാരിയായ മകള്‍ ആല്‍ബ നിദിയയ്‌ക്ക് സ്വന്തം പിതാവിന്റെ എട്ട് മക്കള്‍ക്ക് ജന്മം നല്‍കേണ്ടിയും വന്നു. എന്നാല്‍ മകളുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും ആല്‍ബ സ്വന്തം രക്തത്തില്‍ പിറന്ന മകളല്ലെന്നുമാണ് ആല്‍വാരസ് പറയുന്നത്.
ആല്‍ബയെ ദത്തെടുത്തതാണെന്ന് ആല്‍വാരസ് കോടതിയില്‍ പറഞ്ഞു. ആല്‍ബയ്‌ക്ക് അഞ്ചുവയസ്സുള്ളപ്പോഴാണ് അമ്മ മരിച്ചത്. തുടര്‍ന്ന് ആല്‍വാരസ് അവളുടെ സംരക്ഷകനാവുകയായിരുന്നു. പിന്നീട് ആല്‍ബ വളര്‍ന്നപ്പോള്‍ തങ്ങള്‍ പ്രണയത്തിലായെന്നും ഇയാള്‍ പറഞ്ഞു.
എന്നാല്‍ ആല്‍വാരസ് സ്വന്തം പിതാവ് തന്നെയാണെന്നാണ് ആല്‍ബ വാദിക്കുന്നത്. പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ പിതാവ് തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും 25കൊല്ലത്തോളം തുടര്‍ന്ന പീഡനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ധൈര്യം തന്നത് ഒരു ക്രിസ്‌ത്യന്‍ പുരോഹിതനാണെന്നും ആല്‍ബ പറയുന്നു.
ഒരു വയസ്സുമുതല്‍ 19 വയസ്സുവരെയുള്ള എട്ട് കുട്ടികളാണ് സ്വന്തം പിതാവില്‍ ആല്‍ബയ്‌ക്കുണ്ടായത്. ആല്‍വാരസിനെ കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കുട്ടികളെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു.












Click it and Unblock the Notifications