സിഖ് വിരുദ്ധ കലാപം: ടൈറ്റ്ലര്‍ നിരപരാധി
ദില്ലി: 1984ലെ കുപ്രസിദ്ധിമായ സിഖ് വിരുദ്ധ കലാപ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ടൈറ്റ്ലര്‍ നിരപരാധിയാണെന്ന് സിബിഐ. കേസ് സംബന്ധിച്ച് മാര്‍ച്ച് 28ന് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ടിലാണ് ടൈറ്റ്ലര്‍ക്ക് സിബിഐ ക്ലിന്‍ ചിറ്റ് നല്കിയിരിക്കുന്നത്.
ടൈറ്റ്ലര്‍ക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നും ദില്ലിയിലെ കര്‍കദൂമ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
1984ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയ നാനാവതി കമ്മീഷന്‍ കേസില്‍ ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ വിശ്വസനീയമായ തെളിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഇതേ തുടര്‍ന്ന് ടൈറ്റ്ലര്‍ക്ക് കേന്ദ്രമന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടിവന്നു. എന്നാല്‍ കേസ് അന്വേഷിച്ച പൊലീസ് വ്യക്തമായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിച്ചു.
ഇതിനിടെ കേസിലെ പ്രധാന സാക്ഷിയായ ജസ്ബീര്‍ സിംഗ് തന്റെ മൊഴി അന്വേഷണ ഏജന്‍സികള്‍ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. 2007 ഡിസംബറില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിര താമസമാക്കിയ ജസ്ബീര്‍ സിങിന്‍റെ മൊഴിയെടുത്തിരുന്നു.
എന്നാല്‍ ഈ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നു കാണിച്ചാണ് ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരേയുളള കുറ്റപത്രം റദ്ദാക്കണമെന്നു സിബിഐ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ നിന്ന് മത്സരിക്കാന്‍ ജഗദീഷ് ടൈറ്റ്ലര്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ടൈറ്റ്ലറെ കുറ്റവിമുക്തനാക്കാന്‍ കോണ്‍ഗ്രസ് സിബിഐയെ ഉപയോഗിക്കുകയാണെന്ന് ബിജെപിയും ഇടതുപാര്‍ട്ടികളും ആരോപിച്ചു.
എന്നാല്‍ അന്വേഷണത്തില്‍ യാതൊരു വിധ ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.












Click it and Unblock the Notifications