മലബാറിയെ വിട്ടില്ലെങ്കില്‍ സ്‌ഫോടനം നടത്തുമെന്ന്
മംഗലാപുരം: ബിജെപി നേതാവ് വരുണ്‍ ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയുമായി എത്തിയ കുപ്രസിദ്ധ കുറ്റവാളി റഷീദ് മലബാറിയെ വിട്ടയ്‌ക്കണമെന്ന് ഛോട്ടാ ഷക്കീലിന്റെ സംഘം ആവശ്യപ്പെട്ടു.
മലബാറിലെ വിട്ടയച്ചില്ലെങ്കില്‍ മംഗലാപുരത്ത് ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ സ്‌ഫോടനം നടത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മംഗലാപുരത്തുള്ള ഉദയവാണി പത്രത്തിന്റെ ഓഫീസിലേയ്‌ക്ക് ഫോണ്‍ ചെയ്‌താണ് ഛോട്ടാ ഷക്കീലിന്റെ സംഘത്തില്‍പ്പെട്ടവരെന്ന് അവകാശപ്പെട്ടവര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
ഭീഷണിയുടെ നിജസ്ഥിതി അന്വേഷിക്കുകയാണെന്നും ഫോണ്‍ നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മംഗലാപുരം ഐജി അറിയിച്ചു. മാര്‍ച്ച് 29നാണ് നാല് കൂട്ടാളികള്‍ക്കൊപ്പം മല്‍ബാറി അറസ്റ്റിലായത്. ഛോട്ടാ ഷക്കീല്‍ വരുണിനെ കൊലപ്പെടുത്താനായി റഷീദ് മല്‍ബാറിയെ ചുമതലപ്പെടുത്തിയതായി ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് വിവരം ലഭിച്ചിരുന്നു.
ഇതുപ്രകാരം വരുണിന്റെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെ പിടിയിലായ മലബാറി വരുണിനെ കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശമെന്ന് ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കുകയും ചെയ്‌തു. മാര്‍ച്ച് 21ന് നടന്ന ഒരു ഫോണ്‍ സംഭാഷണത്തില്‍ നിന്നുമാണ് ഐബിയ്‌ക്ക് മലബാറി രാജ്യത്തെത്തിയതായി സൂചന ലഭിച്ചത്.
തുടര്‍ന്ന് ഐബിയുടെയും കര്‍ണാടക സര്‍ക്കാറിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് റഷീദ് മലബാറിയും നാലുകൂട്ടാളികളും മംഗലാപുരത്ത് അറസ്റ്റിലായത്. ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കിയ മലബാറിയെ 15 ദിവസത്തേയ്‌ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇയാളെ പിന്നീട് ജില്ലാ ജയിലിലേയ്‌ക്ക് മാറ്റി.












Click it and Unblock the Notifications