ലാവലിന്‍: പിണറായി വിവരങ്ങള്‍ മറിച്ചുവെച്ചന്ന്
ദില്ലി: ആറ് സുപ്രധാന വിവരങ്ങള്‍ മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചാണ് ലാവലിനുമായുള്ള കരാറില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഒപ്പുവച്ചതെന്ന് സിബിഐ റിപ്പോര്‍ട്ട്.
മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചതില്‍ ഒന്‍പതാം പ്രതിയായ പിണറായിയും, ഒന്നാം പ്രതി കെ മോഹനചന്ദ്രനും പത്താംപ്രതി എ ഫ്രാന്‍സിസും കുറ്റക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ലാവലിനുമായുള്ള കരാറിനെതിരെ പ്രധാനകാര്യങ്ങള്‍ ഒളിപ്പിച്ചുവെച്ചുവെന്നാണ് 223 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഊര്‍ജവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മോഹനചന്ദ്രനും ഡപ്യൂട്ടി സെക്രട്ടറി എ ഫ്രാന്‍സിസുമാണ് ഇത് സംബന്ധിച്ച മന്ത്രിസഭാ കുറിപ്പ് തയ്യാറാക്കിയത്. എന്നാല്‍ മന്ത്രിയുമായി ആലോചിച്ച് തയ്യാറാക്കിയെന്നതിന് പുറമേ ബന്ധപ്പെട്ട മന്ത്രിയ്‌ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാനാകില്ലെന്ന് സിബിഐ പറയുന്നു.
മന്ത്രിസഭയുടെ പരിഗണനയില്‍ നിന്നും ബോധപൂര്‍വ്വം മറച്ചുവച്ച് ആറ് കാര്യങ്ങള്‍ റിപ്പോര്‍ട്ടല്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. നവീകരണ പദ്ധതികള്‍ക്ക് ആഗോള ടെണ്ടര്‍ വിളിക്കണമെന്ന വ്യവസ്ഥ മറികടന്നു. പുതിയ പദ്ധതികള്‍ക്കുമാത്രമേ ധാരണാപത്രത്തിന്റെ രീതി സ്വീകരിക്കാവൂ എന്നു കേന്ദ്രസര്‍ക്കാറിന്റെ വ്യക്തമായ നിബന്ധനയുണ്ട്. മന്ത്രിസഭയ്‌ക്ക് നല്‍കിയ കുറിപ്പില്‍ നിന്നും ഇക്കാര്യങ്ങള്‍ ഒളിപ്പിച്ചുവച്ചു.
നൂറു കോടി രൂപയുടെ മുകളിലുള്ള പദ്ധതികള്‍ക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ അനുമതി വേണമെന്ന നിബന്ധനയും മറച്ചുവച്ചു. കേന്ദ്രനിബന്ധന മറികടക്കാനായി ലാവലിനുമായുള്ള കാരാറിനെ മുറിച്ചു ഇക്കാര്യവും മന്ത്രിസഭയെ അറിയിച്ചില്ല. കെഎസ്‌ഇബി നടപ്പാക്കിയതുപോലുള്ള നവീകരണത്തിന് എതിരായിരുന്നു നാഷണല്‍ ഹൈഡല്‍ പവര്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ അനുകൂലമെന്ന് തോന്നിക്കുന്ന ചില ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് മന്ത്രിസഭയ്‌ക്ക് കുറിപ്പ് തയ്യാറാക്കി നല്‍കി.
കരാറിലെ ഭീമമായ തുകയും വീഴ്‌ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയ സുബൈദ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് മന്ത്രിസഭായോഗത്തെ ഇരുട്ടിലാക്കി. പിന്നയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവലിന്‍ വകയിരുത്തിയ തുക വളരെ കൂടുതലാണെന്ന് കെഎസ്‌ഇബി എക്‌സിക്യൂട്ടീവ് എന്‍ജീനീയര്‍ എ സുബൈദയും ഫിനാന്‍സ് ഓഫീസര്‍ കെവി മുരളീധരനുമടങ്ങിയ സമിതി രേഖാമൂലം ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നിരട്ടിയോളം കൂടുതലാണ് ലാവലിന്റെ തുകയെന്നാണ് പരാമര്‍ശം. സംസ്ഥാന വൈദ്യുതി ബോര്‍ഡ് നിയമിച്ച സുബൈദ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് മന്ത്രിസഭയെ അറിയിച്ചില്ല. മലബാര്‍ കാന്‍സര്‍ സെന്ററിന് ലാവലിന്‍ കമ്പനി നല്‍കാമെന്നേറ്റിരുന്ന 103 കോടി രൂപ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തോടൊപ്പം കിട്ടുന്നുവെന്ന് ഉറപ്പാക്കുന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് വൈദ്യുതി ബോര്‍ഡ് സെക്രട്ടറി വിശ്വമണി രേഖാമൂലം അറിയിച്ച കാര്യം മന്ത്രിസഭയില്‍ നിന്നും മറച്ചുവെച്ചു.
ലാവലിനുമായി കരാര്‍ ഒപ്പുവച്ചശേഷമാണ് മന്ത്രിസഭയുടെ അനുമതി തേടിയത്. തുടങ്ങിയ കാര്യങ്ങളാണ് സിബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കുന്നത് ഉദ്യോഗസ്ഥരാണെങ്കിലും ബന്ധപ്പെട്ട മന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ പറ്റില്ല.
മന്ത്രിസഭയുടെ ഉത്തരവാദിത്വത്തോടൊപ്പം ബന്ധപ്പെട്ട മന്ത്രിയ്‌ക്ക് നേരിട്ട് ഉത്തരവാദിത്വമുണ്ട്. അതിനാല്‍ അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായിക്ക് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications