വരുണ്‍ കേസ്: യുപി സര്‍ക്കാരിന് നോട്ടീസ്
ദില്ലി: പിലിബിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി വരുണ്‍ ഗാന്ധിയ്ക്കെതിരെ ദേശ സുരക്ഷാ നിയമമനുസരിച്ച് കേസെടുത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനും പിലിബിത്ത് ജില്ലാ മജിസ്ട്രേറ്റിനും സുപ്രീം കോടതി നോട്ടീസയച്ചു. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിയ്ക്കും.
ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം പരിഗണിച്ചുകൊണ്ടാണു സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ബാലകൃഷ്ണന്‍ അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വരുണിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ജയിലിനു പുറത്തുണ്ടായ സംഘര്‍ഷങ്ങളുടെ പേരിലാണ് ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചത്. വിവാദ പ്രസംഗം നടത്തിയ കേസില്‍ ജാമ്യം അനുവദിച്ചെങ്കിലും ദേശ സുരക്ഷാ നിയമ പ്രകാരം കേസെടുത്തതിനാല്‍ വരുണ്‍ ഇപ്പോഴും ജയിലിലാണ്. സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ വരുണ്‍ ഗാന്ധിയെ ഇറ്റ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിനിടെ വരുണ്‍ ഗാന്ധിയെ അമ്മ മേനകാ ഗാന്ധി സന്ദര്‍ശിച്ചു. വരുണിന്റെ ജീവന് അപകടം സംഭവിച്ചാല്‍ ഉത്തരവാദി യുപി മുഖ്യമന്ത്രി മായാവതി ആയിരിക്കുമെന്ന് അവര്‍ പറഞ്ഞു. വരുണിന് പകരം മേനകാ ഗാന്ധി പിലിബിത്തില്‍ മത്സരിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications