ബസ് കത്തിയ്ക്കല്‍: സൂഫിയയുടെ പങ്ക് അന്വേഷിക്കണം
ആലുവ: കളമശ്ശേരിയില്‍ തമിഴ്നാട് സര്‍ക്കാര്‍ ബസ് കത്തിച്ച സംഭവത്തില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെയും ഭാര്യ സൂഫിയ മദനിയുടെയും പങ്കും ഇവര്‍ക്ക് കശ്മീര്‍ തീവ്രവാദികളുമായുണ്ടെന്ന് ആരോപിയ്ക്കപ്പെടുന്ന ബന്ധത്തെക്കുറിച്ചും അന്വേഷിക്കാന്‍ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
ജൂണ്‍ ഒന്നിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ കളമശ്ശേരി പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കളമശ്ശേരിയില്‍ ബസ് കത്തിച്ച സംഭവത്തില്‍ സൂഫിയ മദനിക്ക് പങ്ക് ഉണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിട്ടും ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മദനിയുടെ പങ്ക് അന്വേഷിക്കാതെ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശിയായ പിഡി ജോസഫ് നല്കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ബസ് കത്തിയ്ക്കല്‍ കേസിലെ പ്രതികള്‍ സംഭവത്തിന് മുന്പും അതിന് ശേഷവും സൂഫിയ മദനിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തു വന്നിട്ടും ഇവര്‍ക്കെതിരെ അന്വേഷണമില്ലെന്ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചതാണ് ഹര്‍ജി നല്കാന്‍ പ്രേരിപ്പിച്ചതെന്ന് പിഡി ജോസഫ് പറഞ്ഞു.












Click it and Unblock the Notifications