മൂന്നാം മുന്നണി റാലിയില്‍ പവാര്‍
ഭുവനേശ്വര്‍: മൂന്നാം മുന്നണി പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു കൊണ്ട് എന്‍സിപി നേതാവ് ശരദ് പവാര്‍ ഭുവനേശ്വറില്‍ വെള്ളിയാഴ്‌ച നടക്കുന്ന മുന്നണി റാലിയില്‍ പങ്കെടുക്കും.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല് സെക്രട്ടരി എ ബി ബര്‍ദന്‍, ബിജെഡി നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് പവാര്‍ വെള്ളിയാഴ്‌ച വേദി പങ്കിടുന്നത്. മൂന്നാം മുന്നണി റാലിയില്‍ പവാര്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് യുപിഎയ്‌ക്ക് വന്‍തിരിച്ചടിയായാണ് നിരീക്ഷകര്‍ കരുതുന്നത്.
ദേശീയ കക്ഷിയെന്ന നിലയില്‍ പ്രാദേശിക കക്ഷികളുമായി തങ്ങള്‍ ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുകയില്ല എന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി പ്രാദേശികമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയാണ് യുപിഎയിലെ സഖ്യകക്ഷികള്‍ ഈ നീക്കത്തിന് തിരിച്ചടി നല്‌കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് പവാറിന്റെ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.
തിരഞ്ഞെടുപ്പിന് മുമ്പുള്ള കൂട്ടുകെട്ടും അതിന് ശേഷമുള്ളതും വ്യത്യസ്‌തമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാലമത്രയും പറഞ്ഞു കൊണ്ടിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും വര്‍ഗ്ഗീയ വിരുദ്ധരായ ചെറുകക്ഷികളെല്ലാം തങ്ങളെ പിന്തുണയ്‌ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ മൂന്നാം മുന്നണി കക്ഷികള്‍ തിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചാല്‍ യുപിഎയിലെ പല പാര്‍ട്ടികളും മറുകണ്ടം ചാടുമെന്ന് മൂന്നാം മുന്നണിയ്‌ക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം കരുതുന്നു.












Click it and Unblock the Notifications