ഇന്ത്യ-ഇസ്രായേല്‍ ആയുധ കരാറില്‍ അഴിമതിയില്ല ആന്റണി
തിരുവനന്തപുരം: ഇന്ത്യ- ഇസ്രയേല്‍ മിസൈല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്നും ആയുധ കരാര്‍ സുതാര്യമാണെന്നും പ്രതിരോധമന്ത്രി എകെ ആന്‍റണി. കരാറൊപ്പിട്ട കന്പനിയ്ക്ക് ഇടനിലക്കാരനുണ്ടെന്ന് തെളിഞ്ഞാല്‍ കരാര്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. തിരുവനന്തപുരത്ത് കേസരി ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
പല തലത്തിലും ചര്‍ച്ച നടത്തിയാണ് കരാറിനു രൂപം നല്കിയത്. അഴിമതി സംബന്ധിച്ച് വിശ്വാസ്യമായ എന്തെങ്കിലും സൂചനകള്‍ ലഭിച്ചാല്‍ അന്വേഷിക്കും. കരാറുമായി ബന്ധപ്പെട്ട് ആര്‍ക്കു കോഴ കൊടുത്തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നതെന്ന് ആന്‍റണി ചോദിച്ചു.
അഴിമതി എപ്പോള്‍ തെളിഞ്ഞാലും ഇസ്രയേല്‍ കമ്പനിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിയ്ക്കാനുള്ള രീതിയിലാണ് കരാര്‍ രൂപകല്പന ചെയ്തിരിയ്ക്കുന്നത്. ഭാവിയില്‍ ഏതു സര്‍ക്കാരിനും കരാര്‍ റദ്ദാക്കാനും കഴിയുമെന്നും ആന്‍റണി വ്യക്തമാക്കി.
2007 മുതല്‍ 2008 വരെ തുടര്‍ച്ചയായി പ്രതിരോധവകുപ്പും എയര്‍ഫോഴ്സും ഡിആര്‍ഡിഒയും കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്തു. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി ചര്‍ച്ച ചെയ്തശേഷമാണ് 2008 ഡിസംബറില്‍ ആയുധ ഇടപാടിന് അംഗീകാരം നല്‍കിയത്. ദേശസുരക്ഷയ്ക്ക് ഇത്തരം ആയുധ ഇടപാടുകള്‍ ആവശ്യമാണ്.
1992 മുതല്‍ മാറിവന്ന എല്ലാ സര്‍ക്കാരുകളും ഇസ്രയേലില്‍ നിന്ന് ആയുധം വാങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്.ഇന്ത്യയുടെ വിദേശനയം സ്വതന്ത്രമാണെന്നും ആരുമായും വിധേയത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്ദുല്‍ നാസര്‍ മദനിയുടെ കാര്യത്തില്‍ എന്നും ഒരേ നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. ജയിലില്‍ കിടന്നപ്പോള്‍ മാനുഷിക പരിഗണനയുടെ പേരില്‍ ചികിത്സ നല്‍കാന്‍ ശ്രമിച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ അജന്‍ഡ സിപിഎം-പിഡിപി ബന്ധമല്ലെന്നും ദേശീയ പ്രശ്നങ്ങളാണെന്നും ആന്‍റണി പറഞ്ഞു.












Click it and Unblock the Notifications