ന്യൂയോര്‍ക്ക് വെടിവയ്‌പ്: താലിബാന്‍ ഏറ്റെടുത്തു
ഇസ്‌ലാമാബാദ്: ന്യൂയോര്‍ക്കിലെ ബിങ്‌ഹാംട്ടണിലെ അമേരിക്കന്‍ സിവിക് അസോസിയേഷന്‍ ഇമിഗ്രേഷന്‍ സെന്ററില്‍ നടന്ന വെടിവയ്‌പിന്റെ ഉത്തരവാദിത്തം പാക്ക് താലിബാന്‍ ഏറ്റെടുത്തു.താലിബാന്‍ നേതാവ് ബയത്തുള്ള മെഹ്‌സൂദ് ആണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചത്. വിയറ്റ്‌നാം പൗരനായ ജിവര്‍ലി വൂങ് നടത്തിയ ആക്രമണത്തില്‍ 13 പേര്‍ മരിച്ചിരുന്നു.
'ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ആക്രമണം നടത്തിയത് എന്റെ അനുയായികളാണ്'. അമേരിക്കന്‍ മിസൈല്‍ ആക്രമണത്തിന് മറുപടിയായി ആക്രമണം നടത്താന്‍ ഞാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അടുത്തയിടെ ലാഹോര്‍ പോലീസ് അക്കാദമിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും മെഹ്സൂദ് ഏറ്റെടുത്തിരുന്നു.
പാകിസ്‌താനിലെ ജിയോ ടിവിയ്ക്ക് നല്‍കിയ ടെലിഫോണ്‍ സന്ദേശത്തിലാണ് അക്രമണത്തിന്റെ ഉത്തരവാദിത്വം മെഹ്‌സൂദ് ഏറ്റെടുത്തത്. എന്നാല്‍ ഇക്കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കന്‍ സമയം വെള്ളിയാഴ്‌ച രാവിലെ 10 നാണ് സംഭവമുണ്ടായത്. ജിവര്‍ലി വൂങിന്റെ മൃതദേഹം പിന്നീട് ഇതേ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications