ബാംഗ്ലൂര്‍ സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌കര്‍
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ കഴിഞ്ഞ വര്‍ഷം നടന്ന സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പാകിസ്‌താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്‌ബ ആണെന്ന് സൂചന.
ഖത്തറില്‍ വച്ച് അറസ്റ്റിലായ മലയാളി തീവ്രവാദി സര്‍ഫറസ് നവാസ് ആണ് ഇതുസംബന്ധിച്ച് മൊഴി നല്‍കിയത്. സ്‌ഫോടനത്തിനുള്ള സാമ്പത്തിക സഹായം ഉള്‍പ്പെടെ എല്ലാം നല്‍കിയത് ലഷ്‌കര്‍ ആണെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്.
ലഷ്‌കറിന്റെ ഗള്‍ഫ് മേഖലാ ചുമതലയുള്ള പാക് പൗരന്‍ റീഹാന്‍ എന്ന പേരുള്ള വാലിയാണ് സ്‌ഫോടനത്തിന് സാമ്പത്തിക സഹായമെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഷാര്‍ജയില്‍ നടന്ന കൂടിക്കാഴ്‌ചയിലാണ് സ്‌ഫോടനങ്ങള്‍ക്ക് വാലി നിര്‍ദേശം നല്‍കിയത്.
ഗള്‍ഫില്‍ നിന്നും ആദ്യം രണ്ടുലക്ഷം രൂപയും പിന്നീട് ആയിരം റിയാലും കുഴല്‍പ്പണമായി എത്തിച്ചത് കണ്ണൂര്‍ സ്വദേശി സമീറാണ്- നവാസിന്റെ മൊഴിയില്‍ പറയുന്നു.
സമീറാണത്രേ ഈ പണം നസീറിന് കൈമാറിയത്. നസീറും സര്‍ഫറസും നേരിട്ട് ബാംഗ്ലൂരില്‍ എത്തിയാണ് സ്‌ഫോടനം നടത്തേണ്ട സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. ആദ്യഘട്ടത്തില്‍ ചെന്നൈയിലും സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവത്രേ.
എന്നാല്‍ പിന്നീട് ബാംഗ്ലൂരിനെ മാത്രം ലക്ഷ്യമിടുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള യുവാക്കളെ പാകിസ്‌താനിലെ ക്യാമ്പുകളിലേയ്‌ക്ക് കൊണ്ടുപോകാന്‍ വാലി താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവത്രേ. ഇതനുസരിച്ചാണ് കേരളത്തില്‍ നിന്നും നസീര്‍ യുവാക്കളെ റിക്രൂട്ട്‌ചെയ്‌തത് എന്ന് സര്‍ഫറാസിന്റെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നുവെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications