കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ട: യച്ചൂരി
തിരുവനന്തപുരം: കേന്ദ്രത്തില്‍ മൂന്നാം മുന്നണി നേതൃത്വത്തില്‍ അധികാരത്തിലേറാന്‍ പോകുന്ന സര്‍ക്കാറിന് കോണ്‍ഗ്രസിന്റെ പിന്തുണ ആവശ്യമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി വ്യക്തമാക്കി.
പ്രധാനമന്ത്രിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങളെ അപമാനിക്കാന്‍ തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാമചന്ദ്രന്‍നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം മുന്നണിയ്‌ക്ക് കരുത്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ട്. അതാരാണെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. മൂന്നാം മുന്നണിയില്‍ ഏതൊക്കെ പാര്‍ട്ടികളുണ്ടാകുമെന്നതും തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകും. ദരിദ്രര്‍ക്കം പണക്കാര്‍ക്കുമായി രണ്ട് വ്യത്യസ്‌ത ഇന്ത്യ സൃഷ്ടിക്കുകയെന്നതാണ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ചെയ്‌തത്.
ഭാവി പൗരന്മാരായ കുട്ടികള്‍ ഭക്ഷണമില്ലാതെ രോഗങ്ങള്‍ക്കടിമപ്പെടുമ്പോള്‍ ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ബിജെപി. യുപിഎ സര്‍ക്കാറും ഇക്കാര്യത്തില്‍ അധികം വ്യത്യസ്‌തമല്ല.
ഇത്തരം നയങ്ങള്‍ക്ക് മാറ്റം വരുത്തി ഒരു പുതിയ ഭരണപരിഷ്‌കാരം നടപ്പാക്കാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കോര്‍പ്പറേറ്റുകളെയല്ല ജനങ്ങളെ മുന്നില്‍ കണ്ടായിരിക്കണം നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്- അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഫലപ്രദമായ നടപടികളെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. കയറ്റുമതി അടക്കമുള്ള മേഖലകള്‍ മെച്ചപ്പെടുത്താന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ അപര്യാപ്‌തമായിരുന്നു- യച്ചൂരി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications