പുതുക്കുടിയിരുപ്പ് വീണു;420 പുലികള്‍ കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയിലെ എല്‍ടിടിഇ ആധിപത്യം അവസാനിയ്ക്കുന്നതിന്റെ സൂചന നല്കിക്കൊണ്ട് പുലികളുടെ അവസാന ശക്തി കേന്ദ്രമായ പുതുക്കുടിയിരിപ്പും സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി നടന്ന ഉഗ്രപോരാട്ടത്തില്‍ ഉന്നത നേതാക്കളുള്‍പ്പെടെ 420 പുലികളെ കൊലപ്പെടുത്തിയതായി ലങ്കന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുലികളുടെ ഭാഗത്തുനിന്നു ഇനി ചെറുത്തുനില്‍പ്പ് ഉണ്ടാകില്ലെന്നും സൈനിക വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയാക്കര അവകാശപ്പെട്ടു.
അവശേഷിയ്ക്കുന്ന പുലികള്‍ ഗ്രാമീണര്‍ക്കായുള്ള സുരക്ഷിത മേഖലയിലേക്ക് പിന്‍വാങ്ങിയിരിക്കുകയാണ്. ഇവിടങ്ങളില്‍ ഒളിച്ചിരിയ്ക്കുന്ന എല്‍ടിടിഇ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് വധിയ്ക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി. അവസാന ശക്തികേന്ദ്രവും കീഴടക്കിയെന്ന് ലങ്കന്‍ സേന അവകാശപ്പെടുന്നുണ്ടെങ്കിലും പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
പുലികളുടെ ശക്തി കേന്ദ്രമായ മുല്ലൈത്തീവിലെ അവസാന താവളമായിരുന്നു പുതുക്കുടിയിരിപ്പ്. കിളിനൊച്ചിയിലേറ്റ പരാജയത്തിന് ശേഷം പുലികള്‍ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. മൂന്നു ദിവസത്തെ പോരാട്ടത്തില്‍ കൊല്ലപ്പെട്ട 420 പേരില്‍ 250 പേരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കണ്ടെടുത്തിരുന്നു. നാഗേഷ്, വിധുഷ, ദുര്‍ഗ, ദീപന്‍, ഗദ്ദാഫി എന്നീ ഉന്നത നേതാക്കള്‍ ഇവിടെ നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടു.
എല്‍ടിടിഇ സൈന്യ വിഭാഗം തലവനാണ് കൊല്ലപ്പെട്ട ദീപന്‍. ഗദ്ദാഫി പുലിത്തലവന്‍ പ്രഭാകരന്റെ അംഗരക്ഷകനായിരുന്നെന്നും പെണ്‍പുലികളുടെ മേധാവിയായിരുന്നു വിധുഷയെന്നും സൈനിക വക്താവ് അറിയിച്ചു. പുതുക്കുടിയിരിപ്പ് പിടിച്ചെടുത്തതോടെ പുലികളുടെ പോരാട്ടം അന്ത്യത്തിലേക്ക് നീങ്ങുകയാണെന്ന് സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications