റോക്കറ്റ് വിക്ഷേപണം:; രക്ഷാസമിതിയില്‍ ഭിന്നത
ന്യൂയോര്‍ക്ക്: ഉത്തര കൊറിയയുടെ വിവാദ റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി ചേര്‍ന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. കൊറിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കണമെന്ന് അമേരിക്കയും ജപ്പാനും ആവശ്യപ്പെട്ടപ്പോള്‍ ചൈനയും റഷ്യയും ഇതിനോട് യോജിച്ചില്ല.
മിസൈല്‍ വിക്ഷേപണത്തെ ജപ്പാനും വടക്കന്‍ കൊറിയയും അപലപിച്ചു. റോക്കറ്റ് വിക്ഷേപണം യുഎന്‍ പ്രമേയത്തിന്റെ ലംഘനമാണോ എന്ന കാര്യത്തില്‍ ഐക്യത്തിലെത്താന്‍ സുരക്ഷാ സമതി അംഗങ്ങള്‍ക്ക് കഴിയാഞ്ഞതിനെ തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.
യുഎന്‍ സമിതി വീണ്ടും യോഗം ചേരുമെന്നും എല്ലാ അംഗരാജ്യങ്ങള്‍ക്കും സ്വീകാര്യമായ നടപടിയെടുക്കുമെന്നും ജപ്പാന്‍ പ്രതിനിധി വ്യക്തമാക്കി.
കൊറിയക്കെതിരെ ഇപ്പോള്‍ എന്തെങ്കിലും നടപടികള്‍ക്ക് മുതിരുന്നത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാനേ സഹായിക്കൂവെന്നാണ് ചൈനയുടെ വാദം. ഉത്തര കൊറിയക്ക് പിന്തുണ നല്കുന്ന ചുരുക്കം ചില രാജ്യങ്ങളാണ് റഷ്യയും ചൈനയും.
2006ല്‍ ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണത്തെത്തുടര്‍ന്നാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് യുഎന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഉത്തരകൊറിയയ്‌ക്കെതിരെ ഭാഗിക ഉപരോധവും നിലവിലുണ്ട്. ഇത് ഇനിയും ശക്തമാക്കണമെന്നാണ് അമേരിക്കയുടേയും ജപ്പാന്‍േറയും അഭിപ്രായം.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കടുത്ത എതിര്‍പ്പും ഭീഷണികളും അവഗണിച്ച് ഞായറാഴ്‌ചയാണ് ഉത്തരകൊറിയ ജപ്പാന് മുകളില്‍ കൂടി ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റ് വിക്ഷേപണത്തിന്റെ മറവില്‍ അമേരിക്കയെപ്പോലും ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് ഉത്തര കൊറിയ പരീക്ഷിച്ചതെന്നാണ് അമേരിക്കയുടെ വാദം.












Click it and Unblock the Notifications