ചെരിപ്പേറ്: കേസെടുക്കേണ്ടെന്ന് കോണ്‍ഗ്രസ്
ദില്ലി: തനിക്കെതിരെ ഷൂ എറിഞ്ഞ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ ജര്‍ണയില്‍ സിംഗിന് മാപ്പ് നല്‍കുന്നതായി ആഭ്യന്തര മന്ത്രി പി ചിദംബരം. അദ്ദേഹത്തോട് നല്ല രീതിയില്‍ പെരുമാറണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ചിദബംരം നിര്‍ദ്ദേശം നല്കി.
ജര്‍ണയില്‍ സിങിനെ കസ്റ്റഡിയിലെടുത്തതിന് ശേഷം കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. കേസുമായി മുന്നോട്ടു പോയാല്‍ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമോയെന്ന് ഭയന്നാണ് ഈ നീക്കംമെന്നും സൂചനയുണ്ട്.
അതേസമയം പാര്‍ലമെന്‍റ് പൊലീസ് സ്റ്റേഷനു മുന്നില്‍ സിഖ് സമുദായത്തില്‍പ്പെട്ടവര്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്. പ്രകടനക്കാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെയും ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കി.
ജര്‍ണയില്‍ സിംഗിനെതിരെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് സിഖുകാര്‍ ധര്‍ണ നടത്തുന്നത്. സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറെ സിബിഐ റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധിച്ചാണ് ജര്‍ണയില്‍ സിങ് ചിദംബരത്തെ ചെരിപ്പെറിഞ്ഞത്.
സിഖുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications