പ്രചാരണവേദിയില്‍ അര്‍ജുന്‍ സിങ് വിങ്ങിപ്പൊട്ടി
ബലിയ(യുപി): മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ അര്‍ജുന്‍ സിങ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വിങ്ങിപ്പൊട്ടി.
മകന്‍ അജയ് സിങിനും മകള്‍ വീണയ്‌ക്കും സീറ്റ് നിഷേധിച്ച പാര്‍ട്ടി നിലപാടില്‍ അര്‍ജുന്‍ സിങ് അസ്വസ്ഥനാണ്. എന്നാല്‍ ഇത് മറച്ചുവച്ചാണ് അദ്ദേഹം ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിന് എത്തിയത്. കോണ്‍ഗ്രസ് തന്നെ ഒതുക്കുകയാണെന്ന ആരോപണം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ശക്തമായി നിഷേധിച്ചു.
എന്നാല്‍ തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ വികാരാധീനനായ അദ്ദേഹം നിയന്ത്രണം വിട്ട് വിങ്ങിപ്പൊട്ടി. സാലേംപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭോല പാണ്ഡെയ്‌ക്കുവേണ്ടിയാണ് അദ്ദേഹം പ്രചാരണത്തിനെത്തിയത്. പാണ്ഡെ തനിക്ക് മകനെപ്പോലെയാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് അര്‍ജുന്‍ കരഞ്ഞത്.
തൂവാല കൊണ്ട് പലതവണ കണ്ണീര്‍ തുടച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹത്തെ ആശ്വസിപ്പിക്കാനെത്തിയ പാണ്ഡെയും അവസാനം കരഞ്ഞു. പിന്നീട് അസംഗഢില്‍ വച്ച് ഈ സംഭവത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഈ പ്രായത്തില്‍ ഇതൊക്കെ സംഭവിക്കും എന്നായിരുന്നു അര്‍ജുന്റെ മറുപടി.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഇടതുപാര്‍ട്ടികളുമായും മൂന്നാം മുന്നണിയുമായും കൂട്ടുചേരുമോ എന്ന് ചോദിച്ചപ്പോള്‍ യുപിഎ ഒറ്റയ്‌ക്കു മന്ത്രിസഭയുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മകനും മകള്‍ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മാര്‍ച്ച് 13ന് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോള്‍ മറുപടി നല്‍കാമെന്നാണ് അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications