ആദ്യഘട്ടം: സ്ഥാനാര്‍ത്ഥികള്‍ 1715, സ്‌ത്രീകള്‍ 122
ദില്ലി: വനിതകളുടെ ഉന്നമനം എന്ന വാക്ക് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രാധാന്യത്തോടെ എഴുതിച്ചേര്‍ത്തവരാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം. എന്നാല്‍ ഏപ്രില്‍ 16ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആകെ 122 സ്‌ത്രീകള്‍ മാത്രമാണ്.
124 മണ്ഡലങ്ങളില്‍ നിന്നായി മൊത്തം 1715 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു എന്ന് അറിയുമ്പോള്‍ മാത്രമേ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലെ കുറവ് മനസ്സിക്കാന്‍ കഴിയുകയുള്ളു.
കേരളം, ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, ബീഹാര്‍, ജമ്മുകശ്‌മീര്‍, അസം, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ, ചത്തീസ്‌ഗഡ്, ജാര്‍ഖണ്ഡ്, അന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
വനിതാ മുന്നേറ്റത്തിനും സ്‌ത്രീ സ്വാതന്ത്ര്യത്തിനുമൊക്കെ വന്‍പ്രാധാന്യം നല്‍കുന്ന കേരളത്തില്‍ 20 മണ്ഡലങ്ങളിലായി 217 സ്ഥാനാര്‍ത്ഥികളാണ് ഗോദയിലുള്ളത്. ഇതില്‍ സ്‌ത്രീകള്‍ വെറും 15.
ആന്ധ്രയില്‍ ആദ്യഘട്ടത്തില്‍ 315 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്, ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലം ആന്ധ്രയിലെ മെഹ്‌ബൂബ് നഗറും, ചത്തീസ്‌ഗഡിലെ റായ്‌പൂരും ആണ്. ഈ രണ്ട് മണ്ഡലങ്ങളിലും 32 സ്ഥാനാര്‍ത്ഥികള്‍ വീതമാണ് മത്സരിക്കുന്നത്.
ഇരു മണ്ഡലങ്ങളിലും അഞ്ച് വനിതാ സ്ഥാനാര്‍ത്ഥികള്‍ വീതം മത്സരരംഗത്തുണ്ട്. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ടത്തില്‍ 271 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇവരില്‍ 12പേര്‍ സ്‌ത്രീകളാണ്. ബീഹാറില്‍ 223 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. മഹാരാഷ്ട്രത്തില്‍ ജനവിധി തേടുന്ന 246 സ്ഥാനാര്‍ത്ഥികളില്‍ 14 പേര്‍ സ്‌ത്രീകളാണ്.
ചത്തീസ്‌ഗഡില്‍ 178 പേരാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒറീസയില്‍ ആദ്യഘടത്തില്‍ പത്ത് മണ്ഡലങ്ങളില്‍ നിന്നായി 72 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഇതില്‍ അഞ്ച് വനിതകളും ഉള്‍പ്പെടുന്നു. ജാര്‍ഖണ്ഡിലെ 85 സ്ഥാനാര്‍ത്ഥികളില്‍ ആറ് പേര്‍ സ്‌ത്രീകളാണ്.
അസമില്‍ ആദ്യഘട്ടത്തില്‍ 37 സ്ഥാനാര്‍ത്ഥികള്‍ മാത്രമേ രംഗത്തുള്ളു. ആരുണാചലില്‍ ആദ്യഘട്ടത്തില്‍ രണ്ട് മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടിടത്തുമായി 8 സ്ഥാനാര്‍ത്ഥികളാണുള്ളത്. മേഘാലയിയില്‍ മൂന്നു സ്‌ത്രീകള്‍ ഉള്‍പ്പെടെ 11 സ്ഥാനാര്‍ത്ഥികളും, ജമ്മു-കശ്‌മീരില്‍ ഒരു സ്‌ത്രീയുള്‍പ്പെടെ 21സ്ഥാനാര്‍ത്ഥികളും ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു.
ആന്ധമാന്‍ നിക്കോബാറില്‍ 11സ്ഥാനാര്‍ത്ഥികളും, ലക്ഷദ്വീപില്‍ നാല് സ്ഥാനാര്‍ത്ഥികളുമയി ആദ്യഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. മണിപ്പൂരില്‍ ആകെ ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. ഇവിടെ ഒരു മണ്ഡലത്തില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications